പാലക്കാട്: അട്ടപ്പാടിയിൽ മൂന്ന് മാവോയിസ്റ്റുകൾ തണ്ടർബോൾട്ടുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചതിനു പിന്നാലെ വീണ്ടും ഏറ്റുമുട്ടൽ. മരിച്ച മാവോയിസ്റ്റുകളുടെ മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതിനിടെയാണ് അട്ടപ്പാടിയിൽ വീണ്ടും വെടിവെയ്പ്പുണ്ടായത്. ഒരു മാവോയിസ്റ്റ് കൂടി കൊല്ലപ്പെട്ടെന്നാണ് ഇവിടെ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലത്തെ ഏറ്റുമുട്ടലിൽ പരിക്കേറ്റ കബനി ദളത്തിലെ പ്രധാന നേതാവ് കൂടിയായ മണിവാസകം ആണ് മരിച്ചത്. ഇതോടെ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം നാലായി.
അതേസമയം ഉൾക്കാട്ടിൽ ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. അട്ടപ്പാടി മേലെ മഞ്ചികണ്ടി ഉൾവനത്തിലാണ് ഏറ്റുമുട്ടൽ തുടരുന്നത്. കാട്ടിൽ പരിശോധനയ്ക്കും കൂടുതൽ സുരക്ഷയ്ക്കുമായി തണ്ടർബോൾട്ടിലെ കൂടുതൽ അംഗങ്ങളെ അട്ടപ്പാടിയിലേക്ക് അയച്ചു.
അതേസമയം, വെടിവെപ്പിൽ ഇന്നലെയാണ് മൂന്ന് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. കർണാടക സ്വദേശി സുരേഷ്. തമിഴ്‌നാട് സ്വദേശികളായ രമ, കാർത്തി എന്നിവരാണ് കൊല്ലപ്പെട്ടത്. മണിവാസകത്തിനും മറ്റൊൾക്കും വെടിയേറ്റിരുന്നു. ഇവരെ പിടികൂടാൻ സാധിച്ചിരുന്നില്ല. ഇവർക്കായി തെരച്ചിൽ നടത്തുന്നതിനിടെയാണ് ഇന്ന് രാവിലെ വീണ്ടും വെടി വെയ്പ്പുണ്ടായത്.
ഇന്നലെ അട്ടപ്പാടിയിൽ പട്രോളിങിനിറങ്ങിയ നിലമ്പൂരിൽ നിന്നുള്ള തണ്ടർ ബോൾട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകൾ ആദ്യം വെടിവെച്ചെന്നാണ് ഔദ്യോഗിക അറിയിപ്പ്. തിരിച്ചുള്ള ആക്രമണത്തിൽ മൂന്നുപേർ മരിച്ചെന്നും പോലീസ് അറിയിക്കുന്നു. തണ്ടർബോൾട്ട് അസി. കമാൻഡന്റ് സോളമന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് പേരെയും വെടിവച്ച് കൊലപ്പെടുത്തിയത്.
വെടിവെപ്പിനെ ചൊല്ലി രാഷ്ട്രീയ വിവാദവും ഇതിനിടെ കത്തിക്കയറുകയാണ്. വിഷയം ഇന്ന് സഭയിലും വലിയ കോലാഹലങ്ങൾക്ക് കാരണമായി. അതേസമയം മാവോയിസ്റ്റ് വിഷയത്തിൽ തങ്ങളുടെ മുൻനിലപാടിൽ നിന്ന് മാറ്റമില്ലെന്ന് സിപിഐ നേതാവ് കാനം രാജേന്ദ്രൻ പറഞ്ഞു. പാലക്കാട്ട് നടന്നത് എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.