കണ്ണൂര്‍: വാളയാര്‍ കേസില്‍ ഒറ്റയാള്‍ പ്രതിഷേധവുമായി നടന്‍ സന്തോഷ് കീഴാറ്റൂര്‍. ഏകാംഗനാടകത്തിലൂടെയാണ് സന്തോഷ് തന്റെ പ്രതിഷേധമറിയിച്ചത്. വാളയാറില്‍ നീതി നിഷേധിക്കപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ ഏകാംഗനാടകം.
കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ മുതല്‍ പഴയ ബസ് സ്റ്റാന്‍ഡ് പരിസരം വരെയാണ് അദ്ദേഹം നാടകം അവതരിപ്പിച്ചത്. ക്രൂരമായി കൊല്ലപ്പെട്ട രണ്ട് പെണ്‍മക്കളുടെ അമ്മയുടെ സങ്കടവും കഴുകന്‍ കണ്ണുകളില്‍ നിന്നും പെണ്‍മക്കളെ പൊതിഞ്ഞു സംരക്ഷിക്കാന്‍ ബുദ്ധിമുട്ടുന്ന ഇക്കാലത്തെ അമ്മമാരുടെ നേര്‍ചിത്രവുമെല്ലാം തന്റെ പ്രതിഷേധ നാടകത്തിലൂടെ സന്തോഷ് സമൂഹത്തിന് കാണിച്ചുകൊടുത്തു.
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ നാള്‍ക്ക് നാള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു കേസുകളിലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടുന്നില്ല. ഒരു കലാകാരനെന്ന രീതിയില്‍ തനിക്ക് ഇങ്ങനെയാണ് പ്രതിഷേധമറിയിക്കാന്‍ കഴിയുകയെന്നും ഇത് തുടരുമെന്നും സന്തോഷ് ഒരു മാധ്യമത്തോടായി പറഞ്ഞു.
Discussion about this post