കൊച്ചി: സുഹൃത്തിനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപത്തു വെച്ച് ചേമ്പിൻകാട് കോളനി നിവാസി ദിലീപ് കുമാറിനെ (66) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പോലീസ് പിടിയിലായത്. തോപ്പുംപടി സൗത്ത് മൂലംകുഴി സ്വദേശി സ്റ്റാൻലി ജോസഫിനെ (76) കടവന്ത്ര പോലീസാണ് പിടികൂടിയത്. കഴിഞ്ഞ 23ന് അർധരാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നടൻ കുഞ്ചാക്കോ ബോബനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയതായിരുന്നു സ്റ്റാൻലി ജോസഫ്. സ്റ്റാൻലിയും ദിലീപും വിവിധ കേസുകളിൽ പ്രതികളായിരുന്നു. ഇരുവരും പള്ളികളിൽ നിന്നുള്ള സാമ്പത്തിക സഹായം കൊണ്ടു ജീവിച്ചുവരികയായിരുന്നുവെന്നു പോലീസ് അറിയിച്ചു.
സംഭാവന കിട്ടിയ പണം വീതം വെയ്ക്കുന്നതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നാണ് ദിലീപിനെ സ്റ്റാൻലി കുത്തിക്കൊലപ്പെടുത്തിയതെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനായി എറണാകുളം എസിപി കെ ലാൽജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിവരികയായിരുന്നു.
കടവന്ത്ര ഇൻസ്പെക്ടർ അനീഷിന്റെ നേതൃത്വത്തിൽ എസ്‌ഐ ദീപക്, എഎസ്‌ഐ രമേശൻ, സീനിയർ സിപിഒ രതീഷ് കുമാർ, സിപിഒ ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.