തിരുച്ചിറപ്പള്ളി: പ്രാർത്ഥനകളും പരിശ്രമങ്ങളും കണ്ണീരും തുണച്ചില്ല, തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ രണ്ടുവയസുകാരൻ മരിച്ചു. സുജിത് വിൽസൺ മരിച്ചതായി ഇന്നലെ രാത്രിയോടെ സ്ഥിരീകരിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കുഴൽകിണറിൽ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങൾ എൻഡിആർഎഫിന്റെ നേതൃത്വത്തിൽ നടന്നു വരുന്നതിനിടെയാണ് മരണം സ്ഥിരീകരിച്ചത്. മൃതദേഹം അഴുകിയതിനെ തുടർന്ന് കുഴൽകിണറിൽ നിന്ന് ഗന്ധം വന്നതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിച്ചത്. പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിർത്തി വെച്ച് കുഴൽകിണറിനുള്ളിൽ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലർച്ചയോടെ പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ബ്രിട്ടോ – കലൈമേരി ദമ്പതിമാരുടെ ഇളയമകനായ സുജിത് 600 അടി താഴ്ചയുള്ള കുഴൽക്കിണറിലേക്ക് വീണത്. ആദ്യം 25 അടി താഴ്ചയിലായിരുന്ന കുട്ടി ഘട്ടംഘട്ടമായാണ് 90 അടി താഴ്ചയിലേക്ക് വീണുപോയത്. തുടർന്ന് നാലരദിവസമായി കുട്ടിയെ ജീവനോടെ പുറത്തെടുക്കാനുള്ള കഠിനശ്രമങ്ങൾ നടന്നു വരികയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ 4.25 ഓടുകൂടിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ വീണ്ടും കുഞ്ഞ് ആറടിയോളം താഴേക്ക് വീണു. പിന്നീട് മൃതദേഹത്തിന്റെ ഭാഗങ്ങൾ ഘട്ടം ഘട്ടമായി പുറത്തെടുക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. രക്ഷാപ്രവർത്തനം നടത്തിയ ദേശീയ ദുരന്ത നിവാരണ സേന അന്തിമ റിപ്പോർട്ട് തയ്യാറാക്കി. കുട്ടി മരിച്ചുവെന്നും മൃതദേഹം അഴുകി തുടങ്ങിയ നിലയിലാണെന്നും തമിഴ്നാട് റവന്യു സെക്രട്ടറി ജി രാധാകൃഷ്ണൻ അറിയിച്ചു.
ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങൾ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്. എണ്ണകമ്പനികളിൽ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കൽ പുരോഗമിച്ചത്. മണിക്കൂറിൽ പത്തടി കുഴിയെടുക്കാൻ കഴിയുന്ന യന്ത്രം കൊണ്ടുവന്നിട്ടും മണിക്കൂറിൽ മൂന്നടി മാത്രമാണ് കുഴിക്കാൻ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവർത്തനം മന്ദഗതിയിലായത്. പിന്നാലെ നാലാം ദിനം രാജ്യത്തെ കണ്ണീരിലാഴ്ത്തി കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
Discussion about this post