പാലക്കാട്: പാലക്കാട് ജില്ലയില്‍ നവംബര്‍ അഞ്ചിന് യുഡിഎഫ് ഹര്‍ത്താല്‍. വാളയാര്‍ പീഡനക്കേസിലെ പോലീസ് വീഴ്ചയില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. നാളെ വൈകുന്നേരം സംസ്ഥാനമൊട്ടാകെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
വിഎം സുധീരന്റെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കള്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിക്കും. അതെസമയം വാളയാര്‍ കേസില്‍ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ അഡ്വ. രാജേഷിനെ മാറ്റി. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയര്‍മാനായി തുടരുന്നതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ സിഡബ്ല്യുസി ചെയര്‍മാനാക്കായിതിന് എതിരെ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തു നിന്നും കടുത്ത വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രതികള്‍ക്ക് വേണ്ടി ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഹാജരായത് ശരിയായില്ലെന്ന നിലപാടുമായി മന്ത്രി കെകെ ശൈലജ അടക്കം രംഗത്തെത്തിയത് സര്‍ക്കാരിനെ വലിയ തോതില്‍ പ്രതിരോധത്തില്‍ ആക്കിയിരുന്നു.
വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈന് ഉള്‌പ്പെടെ രാജേഷിന് എതിരെ രംഗത്ത് വന്നിരുന്നു. വാളയാറില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുടെ ബന്ധുക്കളും രാജേഷിനെതിരെ ആരോപണങ്ങള്‍ കടുപ്പിച്ചിരുന്നു.
അതെസമയം പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാന്‍ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസില്‍ പുനഃരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അന്വേഷണത്തില്‍ പോലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.