കൊച്ചി: കോതമംഗലം ചെറിയപള്ളിയിൽ കയറാൻ ശ്രമിച്ചിട്ടും യാക്കോബാ വിഭാഗത്തിന്റെ ശക്തമായ ചെറുത്തുനിൽപ്പിനെ മറികടക്കാനാകാതെ ഓർത്തഡോക്സ് വിഭാഗം മടങ്ങി. രാവിലെ പത്ത് മണിയോടെ എത്തിയ ഓർത്തഡോക്സ് വിഭാഗത്തിന് വൈകുന്നേരം നാല് മണിയായിട്ടും പള്ളിയിൽ കയറാനാകാതെ വന്നതോടെയാണ് വൈദികരും വിശ്വാസികളും മടങ്ങിയത്.
അതേസമയം, യാക്കോബായ വിഭാഗത്തിന്റെ പ്രതിഷേധത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഓർത്തഡോക്സ് വിഭാഗം വൈദികർ പറഞ്ഞു. രാവിലെ 10 മണിയോടെയാണ് തോമസ് പോൾ റമ്പാന്റെ നേതൃത്വത്തിൽ വൈദികരും വിശ്വാസികളുമടക്കം അമ്പതോളം പേർ മാർത്തോമാ ചെറിയപള്ളിയിൽ പ്രവേശിക്കാനെത്തിയത്. എന്നാൽ യാക്കോബായ വിശ്വാസികളുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധവും ചെറുത്തുനിൽപും ഉണ്ടായി. പ്രധാനപ്പെട്ട കവാടങ്ങളെല്ലാം ഉപരോധിച്ചുകൊണ്ടുള്ള പ്രതിരോധമാണ് യാക്കോബായ വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തുടർന്ന് ഓർത്തഡോക്സ് വിഭാഗം പള്ളിയിൽനിന്ന് പിൻവാങ്ങുകയായിരുന്നു. ഇവർ പിൻവാങ്ങിയതോടെ വൈദികർ അടക്കം ആഹ്ലാദപ്രകടനവും നടത്തി.
അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പോലീസും ബലപ്രയോഗത്തിന് ശ്രമിച്ചില്ല. ഓർത്തഡോക്സ് വിഭാഗം വൈദികർക്കും തോമസ് റമ്പാനും സുരക്ഷയൊരുക്കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്വമെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. കോടതി ഉത്തരവ് നടപ്പിലാക്കാനുള്ള ചുമതല തങ്ങൾക്കില്ലെന്നും വിഷയത്തിൽ ഇടപെടില്ലെന്നും പോലീസ് വ്യക്തമാക്കി.
Discussion about this post