പാലക്കാട്: അന്വേഷണത്തിൽ വീഴ്ച വന്നതോടെ ഒട്ടേറെ വിമർശനങ്ങൾക്കിടയായ വാളയാർ കേസിൽ പുനരന്വേഷണം നടത്താമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശം. ഈ റിപ്പോർട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ഡിജിപി മഞ്ചേരി ശ്രീധരൻനായർ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. കേസ് നടത്തിപ്പിൽ വീഴ്ച വരുത്തിയ പ്രോസിക്യൂട്ടറെ മാറ്റാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.
പ്രതികളെ വെറുതെ വിട്ട കീഴ്ക്കോടതി വിധിക്കെതിരെ സർക്കാർ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകും. കേസന്വേഷണത്തിലെ വീഴ്ചയിൽ ദേശീയ പട്ടികജാതി കമ്മീഷൻ ഇടപെടുന്നുണ്ട്. ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ഉപാധ്യക്ഷൻ ആരോപണങ്ങൾ പരിശോധിക്കും. പരാതി നൽകിയത് ഡൽഹിയിലെ മലയാളി പൊതുപ്രവർത്തകനായ വിപിൻകൃഷ്ണനാണ്.
അതേസമയം വാളയാർ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പാലക്കാട് എസ്പി ഓഫിസിലേക്ക് യുവമോർച്ചയും യൂത്ത് കോൺഗ്രസും പ്രതിഷേധ മാർച്ച് നടത്തി.