തിരുവനന്തപുരം: വാളയാർ കേസിൽ പ്രതിപക്ഷം സഭയെ പ്രക്ഷുബ്ധമാക്കി. വാളയാർ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ അതൃപ്തി പ്രകടിപ്പിച്ചാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയത്. അതേസമയം, വാളയാർ കേസിൽ പുനരന്വേഷണമോ സിബിഐ അന്വേഷണമോ ഏതാണ് വേണ്ടതെന്ന് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേസിൽ മനുഷ്യത്വപരമായ സമീപനമുണ്ടാകും. കേസ് അട്ടിമറിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണ്. പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ സർക്കാർ അപ്പീൽ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. കേസ് വാദിക്കാൻ പ്രഗത്ഭനായ വക്കീലിനെ നിയോഗിക്കുമെന്നും കേസിൽ പുനരന്വേഷണം വേണമോ സിബിഐ അന്വേഷണം വേണമോ എന്നത് പരിശോധിക്കും. അന്വേഷണത്തിൽ പോലീസിന് വീഴ്ച പറ്റിയോ എന്നകാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. പാലക്കാട് എംഎൽഎ ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നൽകിയത്.
എന്നാൽ സിബിഐ അന്വേഷണം ഇപ്പോൾ തന്നെ പ്രഖ്യാപിക്കണമെന്നും മുഖ്യമന്ത്രിയുടെ മറുപടിയിൽ തൃപ്തിയില്ലെന്നും കാണിച്ച് പ്രതിപക്ഷം സഭാ നടുത്തളത്തിലിറങ്ങുകയായിരുന്നു. മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ പ്രതിപക്ഷ പ്രതിഷേധം തുടർന്നതോടെ സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കർ അറിയിച്ചു.
കേസിൽ ഒരു ചുക്കും നടത്താൻ സർക്കാരിന് കഴിഞ്ഞില്ല. രണ്ടു കുട്ടികളെ കൊലപ്പെടുത്തിയവർ പാട്ടുംപാടി പുറത്തിറങ്ങി നടന്നതാണോ അന്വേഷണം. പ്രതികൾക്ക് വേണ്ടി പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. വാളയാർ കേസ് അട്ടിമറിച്ചതാണെന്ന് ജനങ്ങൾക്കെല്ലാം അറിയാമെന്ന് ഷാഫി പറമ്പിൽ എംഎൽഎ കുറ്റപ്പെടുത്തി. പ്രതികളെ പുറത്തിറക്കിയത് അരിവാൾ ചുറ്റിക പാർട്ടിയാണെന്ന് പീഡനത്തിനിരയായ പെൺകുട്ടികളുടെ അമ്മ തന്നെ പറയുന്നു. വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പോലീസ് രേഖപ്പെടുത്തിയില്ല. പ്രതികൾക്ക് വേണ്ടി ഹാജരായത് പിന്നീട് സിഡബ്ല്യുസി ചെയർമാനായ വ്യക്തിയാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
Discussion about this post