ഒരു വാക്ക് ഉരിയാടാതെ പ്രോസിക്യൂഷനും ഒത്തുകളിച്ചു; കേസൊതുക്കിയത് പോലീസ്; കണ്ണീരോടെ വാളയാറിലെ അമ്മ

പാലക്കാട്: വാളയാർ കേസ് ഒതുക്കി തീർക്കാൻ പോലീസിനു പുറമെ പ്രോസിക്യൂഷനും ശ്രമിച്ചെന്ന് പെൺകുട്ടികളുടെ അമ്മ. സഹോദരിമാരായ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ കേസൊതുക്കി തീർക്കാൻ പ്രദേശവാസികളല്ലാത്ത ആളുകളെ പോലീസ് സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തിയെന്നും കോടതിയിൽ കൂടുതലൊന്നും പറയാതെ പ്രോസിക്യൂഷൻ ഒത്തുകളിച്ചു എന്നുമാണ് അമ്മയുടെ ആരോപണം.

പെൺകുട്ടികൾ മരിച്ചപ്പോൾ അവിടെ ഉണ്ടായിരുന്ന പലരും കേസിൽ സാക്ഷികൾ ആയിരുന്നില്ല. ആദ്യത്തെ പെൺകുട്ടി മരിച്ചപ്പോൾ പോലീസ് അമ്മയുടെ മൊഴി പോലും രേഖപ്പെടുത്തിയിരുന്നില്ല. കൂടാതെ സാക്ഷികൾ ആരൊക്കെയെന്ന് വെളിപ്പെടുത്താൻ പോലീസ് തയാറായില്ലെന്നും ഇവർ ആരോപിക്കുന്നു. സാക്ഷികളെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം പോലീസ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.

പ്രോസിക്യൂഷനും പ്രതികൾക്കുവേണ്ടി ഒത്തുകളിച്ചു എന്ന് സംശയിക്കുന്നുവെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു. കേസിന്റെ വിസ്താര സമയങ്ങളിൽ മാത്രമാണ് പ്രോസിക്യൂട്ടറെ കാണുന്നത്. മൊഴി നൽകേണ്ടത് എങ്ങനെയെന്ന് പ്രോസിക്യൂട്ടർ നേരത്തെ പറഞ്ഞു തന്നില്ല. പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ തന്നെ അപകീർത്തിപ്പെടുത്തി സംസാരിച്ചപ്പോഴും പ്രോസിക്യൂട്ടർ ഒന്നും മിണ്ടാതെ മൗനം പാലിച്ചതായും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.

2017ലാണ് കേരളത്തെ നടുക്കിയ രണ്ട് മരണങ്ങൾ നടന്നത്. ജനുവരി 13-ന് അട്ടപ്പള്ളത്തെ ഒറ്റമുറി വീട്ടിൽ ആദ്യത്തെ പെൺകുട്ടിയെ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നീട് രണ്ട് മാസത്തിന് ശേഷം മാർച്ച്-4 ന് സഹോദരിയായ ഒൻപതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. എന്നാൽ, പെൺകുട്ടികൾ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.

ഒക്ടോബർ 25-നാണ് കേസിലെ മൂന്ന് പ്രതികളെയും പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെൺകുട്ടികൾ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷന് വീഴ്ച പറ്റി എന്ന് കോടതി നിരീക്ഷിച്ചിരുന്നു. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

Exit mobile version