തൃശ്ശൂര്‍: വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതെവിട്ട സംഭവത്തില്‍ പ്രതിഷേധവുമായി കേരള സൈബര്‍ വാരിയേഴ്സ്. മരണപ്പെട്ട സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്നും ആവശ്യപ്പെട്ട് നിയമവകുപ്പിന്റെ വെബ്സൈറ്റ് കേരള സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്തു.
‘ജസ്റ്റിസ് ഫോര്‍ ഔര്‍ സിസ്റ്റേഴ്സ്’ എന്ന കുറിപ്പോടെയാണ് സൈറ്റ് ഹാക്ക് ചെയ്തത്. നിയമവകുപ്പിന്റെ keralalawsect.org എന്ന വെബ്സൈറ്റാണ് ഹാക്ക് ചെയ്തത്.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ഉറപ്പു വരുത്തുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. സര്‍ക്കാര്‍ പദവികളില്‍ ഇരിക്കുന്നവര്‍ അധികാരദുര് വിനിയോഗം നടത്തി പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും സംഘം കുറിപ്പില്‍ പറയുന്നു.
വാളയാര്‍ കേസില്‍ പുനരന്വേഷണം ആവശ്യമാണെന്നും, ശബ്ദമില്ലാത്തവരുടെ ശബ്ദവും കണ്ണില്ലാത്തവരുടെ കാഴ്ചയുമാണ് തങ്ങളെന്നും അവകാശപെട്ടാണ് കേരള സൈബര്‍ വാരിയേഴ്സ് പ്രതിഷേധം രേഖപ്പെടുത്തുന്നത്.
Discussion about this post