തിരുവനന്തപുരം: കരമനയിലെ കൂടത്തിൽ കുടുംബത്തിന്റെ ഭൂമി ആർഎസ്എസിന്റെ ട്രസ്റ്റിനും കൈമാറിയെന്ന് ആരോപണം. ഭൂമി ആർഎസ്എസിന്റെ ചില നേതാക്കൾ വീതിച്ച് എടുത്തതായി അറിഞ്ഞിരുന്നെന്ന് കൂടത്തിൽ കുടുംബത്തിന്റെ ബന്ധു ഹരികുമാർ ആരോപിച്ചു. ഇതിനിടെ കാര്യസ്ഥൻ രവീന്ദ്രൻ നായരാണ് ആർഎസ്എസിന് ഭൂമി പതിച്ചുനൽകിയതെന്ന ആരോപണവുമായി സിപിഎമ്മും രംഗത്തെത്തി.
ജില്ലയിൽ സ്വാധീനമുള്ള പ്രാദേശിക ആർഎസ്എസ് നേതാക്കൾക്കും ഗുണ്ടകൾക്കും കാലടിയിലെ അനധികൃതമായ ഭൂമി കൈമാറ്റങ്ങളിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. ആർഎസ്എസ് ഭൂമി കൈവശപ്പെടുത്തുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നതായി ഹരികുമാർ വെളിപ്പെടുത്തി. ഭൂമി വിഷയത്തെ തുടർന്ന് കുടുംബാംഗമായ ബിജെപി ജില്ലാ ഭാരവാഹി, പ്രദേശത്തെ ആർഎസ്എസ് നേതാക്കളുമായി നിസ്സഹകരണത്തിലാണെന്നാണ് റിപ്പോർട്ട്.
ആർഎസ്എസ് ട്രസ്റ്റിന്റെ പേരിൽ ഏഴുസെന്റ് ഭൂമി രവീന്ദ്രൻ നായർ പതിച്ചുനൽകിയെന്ന ആരോപണം രാഷ്ട്രീയ രംഗത്തും വലിയ കോളിളക്കമാണ് ഉണ്ടാക്കുന്നത്. കൂടത്തിൽ കുടുംബക്ഷേത്രത്തിന്റെ ആവശ്യത്തിനായി മുപ്പത് സെന്റ് ഭൂമി നൽകാമെന്ന് രവീന്ദ്രൻ നായർ പറഞ്ഞിരുന്നെങ്കിലും ആർഎസ്എസ് നേതാക്കളെ ഇടപെടുത്തി അത് ഇല്ലാതാക്കിയെന്നാണ് ആക്ഷേപം. ഇക്കാരണത്തിൽ കുടുംബാംഗമായ ബിജെപി ജില്ലാ ഭാരവാഹിയും ആർഎസ്എസുകാരും ഉൾപ്പെട്ട ക്ഷേത്രസേവാ സമിതിയുമായി പ്രാദേശിക ആർഎസ്എസ് നിസ്സഹകരണത്തിലാണ്.