കോഴിക്കോട്: കനത്ത മഴയില്‍ റോഡേത് പുഴയേത് എന്ന് തിരിച്ചറിയാനാവാത്ത വിധമാണ് പ്രളയ ജലം ഇരച്ചു കയറിയത്. പ്രളയത്തില്‍ വഴിയേത് എന്ന് തിരിച്ചറിയാനാവാതെ വിഷമിച്ച ആംബുലന്‍സ് ഡ്രൈവര്‍ക്ക് സ്വന്തം ജീവന് വരെ പണയപ്പെടുത്തി വെള്ളത്തിലൂടെ പാഞ്ഞ് വഴികാണിച്ച ആ കൊച്ചുമിടുക്കനെ രാജ്യം മറന്നു കാണില്ല.
രാജ്യത്തിന്റെ നാനഭാഗത്തു നിന്നും അഭിനന്ദന പ്രവാഹമാണ് ഈ മിടുക്കനെ തേടിയെത്തിയത്. കര്‍ണാടകയിലെ 12കാരനായ വെങ്കിടേശിനെ അനുമോദിക്കുകയാണ് നമ്മുടെ കൊച്ചു കേരളവും. വീടില്ലാതെ വിഷമിക്കുന്ന ഈ കുടുംബത്തിന് ഇപ്പോള്‍ വീടൊരുങ്ങുകയാണ്. കോഴിക്കോട്ടെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് വെങ്കിടേശിന് വീടൊരുങ്ങുന്നത്. റായ്ച്ചൂരിലെ ഗ്രാമത്തില്‍ വീടിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടന്നു.
പെരുമഴയില്‍ റോഡും വയലുമൊന്നായപ്പോഴാണ് പകച്ച് നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായി ഈ 12കാരന് വെങ്കിടേശ് എത്തിയത്. അനുമോദന ചടങ്ങിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് വെങ്കിടേശിന് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. കര്‍ണാടകയിലെ റായ്ച്ചൂരില്‍ വെങ്കിടേശിന്റെ പിതാവിന്റെ പേരിലുള്ള സ്ഥലത്താണ് വിട് വെയ്ക്കുന്നത്.
കോഴിക്കോട് ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റും കുറ്റ്യാടി എംഐയുപി സ്കൂളും ഫോക്കസ് ഇന്ത്യയും ചേര്‍ന്നാണ് വെങ്കിടേശന് വീട് നിര്‍മ്മിച്ച് നല്‍കുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ സഹകരണത്തോടെ ആഘോഷമായിട്ടായിരുന്നു തറക്കല്ലിടല്‍ ചടങ്ങ് നടത്തിയത്. രണ്ട് മാസത്തിനുള്ളില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്നാണ് ലക്ഷ്യം.