കൊച്ചി കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തുനിന്നും സൗമിനി ജെയിനിനെ മാറ്റാൻ കോൺഗ്രസിൽ ധാരണ. ഭരണസമിതി മാറ്റത്തിനായി നേരത്തേ ഉണ്ടായിരുന്ന ധാരണ നടപ്പാക്കുമെന്ന് കെ ബാബു പറഞ്ഞു. മേയറും ഹൈബി ഈഡനും പരസ്പരം ആരോപണങ്ങൾ നടത്തുന്നതു നിർത്തണമെന്നും ഭരണ സമിതിയിൽ അടിമുടി മാറ്റമുണ്ടാകുമെന്നും കെ ബാബു പറഞ്ഞു.
കൊച്ചിയിൽ വെള്ളക്കെട്ട് രൂപപ്പെട്ട് ജനജീവിതം സ്തംഭിച്ചതിന് പിന്നാലെ ഹൈക്കോടതി കോർപ്പറേഷനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതോടൊപ്പം മേയർക്കെതിരെ ആരോപണങ്ങൾ കൂടി നിലനിൽക്കുന്ന സാഹചര്യത്തിലാണു സ്ഥാനത്തു നിന്നും നീക്കാൻ നടപടി. എന്നാൽ മേയറെ മാറ്റുന്നതു മുൻധാരണ പ്രകാരമാമെന്നാണ് കെ ബാബു പറഞ്ഞതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.
‘കൊച്ചി കോർപ്പറേഷുമായി ബന്ധപ്പെട്ടു രണ്ടര വർഷം കഴിയുമ്പോൾ മാറ്റമുണ്ടാകുമെന്നു നേരത്തേ തീരുമാനിച്ചിട്ടുണ്ട്. അത് കോർപ്പറേഷനുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ പരാമർശങ്ങളുടെയോ നേതാക്കന്മാരുടെ പ്രസ്താവനകളുടെയോ വെള്ളക്കെട്ടിന്റെയോ അടിസ്ഥാനത്തിലോ അല്ല’- കെ ബാബു പറഞ്ഞു.
കൊച്ചി കോർപ്പറേഷൻ മേയറെ മാറ്റണമെന്ന നിലപാടിലുറച്ച് എറണാകുളത്തെ കോൺഗ്രസ് നേതൃത്വം രംഗത്ത് എത്തിയിരുന്നു. കോർപ്പറേഷനിലെ ഭരണമാറ്റം സംബന്ധിച്ച് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ വികാരം മുതിർന്ന നേതാക്കൾ കെപിസിസി പ്രസിഡന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. നഗരസഭാ ഭരണത്തിൽ ചില മാറ്റങ്ങളുണ്ടാകുമെന്ന് വിഡി സതീശൻ എംഎൽഎയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Discussion about this post