തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും ചരിത്ര വിജയം നേടിയ തിരുവനന്തപുരം മേയർ വികെ പ്രശാന്ത് ഔദ്യോഗിക സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോൾ കോർപ്പറേഷൻ ഓഫീസ് സാക്ഷ്യം വഹിച്ചത് വികാര നിർഭരമായ നിമിഷങ്ങൾക്ക്. പ്രിയപ്പെട്ട മേയറുടെ രാജിക്കത്ത് കൈകളിൽ വാങ്ങിച്ച ഡഫേദാർ മുതൽ സഹപ്രവർത്തകരായ ഓരോരുത്തരും കണ്ണീരണിഞ്ഞു നിന്നത് അപൂർവ്വ കാഴ്ചയായി.
തലസ്ഥാന ജനതയുടെ മേയർബ്രോ ശനിയാഴ്ചയാണ് നഗരസഭയിൽ നിന്നും രാജിക്കത്ത് കൈമാറി പടിയിറങ്ങിയത്. വട്ടിയൂർക്കാവിന്റെ നിയുക്ത എംഎൽഎയായ വികെ പ്രശാന്ത് പകൽ പന്ത്രണ്ടേമുക്കാലോടെയാണ് കോർപറേഷൻ ഓഫീസിലെത്തിയത്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ കാത്തുനിന്ന കൗൺസിലർമാരും ജീവനക്കാരും മേയറെ അഭിനന്ദനങ്ങൾ അറിയിക്കാനായി എത്തി. കാറിൽനിന്ന് ഇറങ്ങിയ പ്രശാന്തിനെ പൂച്ചെണ്ടുകളും ഷാളുകളും അണിയിച്ച് അവർ സ്വീകരിച്ചു. മുദ്രാവാക്യം വിളികളുമുയർന്നു. ജീവനക്കാരുടെ സ്വീകരണം ഏറ്റുവാങ്ങിയശേഷം സെക്രട്ടറി എൽഎസ് ദീപയുടെ മുറിയിലെത്തി പ്രശാന്ത് രാജിക്കത്ത് കൈമാറി. കൗൺസിലർമാരും ജീവനക്കാരും ചേർന്ന് അനൗദ്യോഗികമായി മേയർക്ക് യാത്രയയപ്പ് നൽകി. കൗൺസിലർമാരും ജീവനക്കാരും വിതുമ്പിക്കൊണ്ടാണ് പ്രശാന്തിനെ യാത്രയാക്കിയത്. പ്രശാന്തും ഇറങ്ങുന്നതിനിടെ പൊട്ടിക്കരഞ്ഞു. വികെ പ്രശാന്ത് പങ്കുവെച്ച യാത്രയയപ്പിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയും ഇതിനോടകം ഏറ്റെടുത്തു.
അതേസമയം, യാത്രയയപ്പിനിടെ ബിജെപി കൗൺസിലർ എം ലക്ഷ്മി തമിഴിലാണ് മേയർക്ക് ആശംസ നേർന്നത്. ബി വിജയലക്ഷ്മി, യുഡിഎഫ് കൗൺസിലറായ ഓമന തുടങ്ങിയവരും ആശംസ നേർന്നു. കൗൺസിലിലെ ബിജെപിയുടെയും യുഡിഎഫിന്റെയും പ്രധാന നേതാക്കൾ എത്തിയില്ലെങ്കിലും മറ്റ് കൗൺസിലർമാർ പ്രശാന്തിനെ യാത്രയാക്കാനെത്തി. രാജി നൽകാനെത്തുന്ന കാര്യം എല്ലാവരെയും അറിയിച്ചിരുന്നതായി പ്രശാന്ത് പറഞ്ഞു. കൗൺസിൽ യോഗം ചേർന്ന് യാത്രപറയാൻ കഴിയാത്തതിൽ വിഷമമുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു.
സെക്രട്ടറി എൽ എസ് ദീപ, ജീവനക്കാരൻ അനൂപ് റോയ് തുടങ്ങിയവർ മേയറെന്ന നിലയിൽ പ്രശാന്തിന്റെ പ്രവർത്തനമികവിനെക്കുറിച്ച് വാചാലരായി. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, കെ ശ്രീകുമാർ, വഞ്ചിയൂർ ബാബു, പാളയം രാജൻ, സതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. എ വിജയൻ പ്രശാന്തിനെക്കുറിച്ചൊരു കവിതയും ചൊല്ലി. ഉയർന്ന പദവിയിലേക്കാണ് പോകുന്നതെങ്കിലും ഇത്രയും സൗമ്യനും ഊർജസ്വലനുമായ മേയർ പോകുന്നത് കോർപ്പറേഷന് നഷ്ടം തന്നെയാണെന്നായിരുന്നു പ്രതിപക്ഷാംഗങ്ങളടക്കം എല്ലാവരും അഭിപ്രായം രേഖപ്പെടുത്തിയത്.