തിരുവനന്തപുരം: കരമനയിൽ കൂടത്തിൽ കുടുംബത്തിലെ ഏഴ് അംഗങ്ങൾ മരണപ്പെട്ട സംഭവത്തിൽ ദുരൂഹത അന്വേഷിക്കുന്നതിനിടെ ക്രൈംബ്രാഞ്ചിന് ആദ്യഘട്ടത്തിൽ സംശയം തോന്നിയത് നാലു കാരണങ്ങളാൽ. ഇതിൽ ആദ്യത്തേത് ജയമാധവൻ നായരുടെ നെറ്റിയിൽ കാണപ്പെട്ട മുറിപ്പാടിലാണ്. നെറ്റിയിൽ മരണസമയത്ത് മുറിവേറ്റ പാടുണ്ടായിരുന്നെന്നു വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ കാര്യം ജയമാധവൻ നായർക്കു വീണു പരുക്കേറ്റതായി അയൽവാസികളെ വിവരം അറിയിക്കാതെ വളരെ അകലെ താമസിക്കുന്ന വീട്ടുജോലിക്കാരിയെയാണ് അറിയിച്ചത്. മൂന്ന്- അയൽവാസി തന്റെ ഓട്ടോറിക്ഷ പാർക്കു ചെയ്യുന്നത് കൂടത്തിൽ തറവാട്ടിലായിട്ടുപോലും ഇയാളെ വിളിക്കാതെ വീട്ടുജോലിക്കാരിയെക്കൊണ്ടു സ്റ്റാൻഡിൽനിന്നു മറ്റൊരു ഓട്ടോ വിളിപ്പിച്ചാണു ജയമാധവൻ നായരെ ആശുപത്രിയിൽ കൊണ്ടുപോയത്.
ജയമാധവൻനായരുടെ മരണത്തിനു പിന്നാലെ തറവാട് അനാഥമായിരുന്നു. ഇതോടെ രവീന്ദ്രൻ നായർ രണ്ടു പേർക്കായി 25 ലക്ഷം രൂപ, 5 ലക്ഷം രൂപ വീതം കൈമാറിയതും അന്വേഷണസംഘത്തിൽ സംശയം ഉണർത്തുന്നു.
പരാതി ഉയർന്നതിനു പിന്നാലെ നടത്തിയ അന്വേഷണത്തിന് ഒടുവിൽ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് സ്‌പെഷൽ ബ്രാഞ്ച് കണ്ടെത്തി റിപ്പോർട്ട് നൽകിയത് 3 മാസം നീണ്ട അന്വേഷണത്തിനൊടുവിൽ. റവന്യു ഉദ്യോഗസ്ഥനാണെന്ന വ്യാജേന താടി വളർത്തി രൂപം മാറിയെത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥനോട് ആരോപണവിധേയർ പറഞ്ഞ പരസ്പരവിരുദ്ധ മൊഴികളാണു ദുരൂഹത സംശയിക്കാൻ കാരണം. പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആന്തരാവയവ പരിശോധനാഫലം കിട്ടിയിട്ടില്ല.
അതേസമയം, കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലും സ്വത്തു കൈമാറ്റത്തിലും ദുരൂഹത ആരോപിച്ച പരാതികൾ ക്രൈംബ്രാഞ്ചിനു കൈമാറിയതോടെ പുതിയ കേസ് റജിസ്റ്റർ ചെയ്തു. ഗൂഢാലോചന, വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് കാര്യസ്ഥർക്കും ബന്ധുക്കളും അടക്കം 12 പേർക്ക് എതിരെ പ്രസന്നകുമാരി നൽകിയ പരാതികളുടെ അടിസ്ഥാനത്തിലാണു കേസ്.