കോട്ടയം: പാലയില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീലിന്റെ മൊബൈല്‍ഫോണില്‍ തിരിമറി നടന്നതായി മാതാപിതാക്കള്‍. അഫീലിന്റെ ഫോണിലെ രണ്ട് ദിവസത്തെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞതായി മാതാപിതാക്കള്‍ പരാതി പറഞ്ഞിരുന്നു. സംശയത്തെ തുടര്‍ന്ന് ഫോണ്‍
സൈബര്‍ സെല്ലിന് കൈമാറി.
അഫീലിന്റെ ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചുകളഞ്ഞുവെന്ന് ആരോപിച്ച മാതാപിതാക്കള്‍ വീട്ടില്‍ തെളിവെടുപ്പിന് എത്തിയ പാലാ സ്റ്റേഷന് ഹൗസ് ഓഫീസറോടും പരാതി ആവര്‍ത്തിച്ചു. ഇതോടെയാണ് ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറിയത്.
സ്റ്റേഡിയത്തിലേക്ക് അഫീലിനെ വിളിച്ചു വരുത്തിയവരെ രക്ഷിക്കാനാണ് ഫോണിലെ കോള്‍ ലിസ്റ്റ് മായ്ച്ചു കളഞ്ഞതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. ഒക്ടോബര്‍ മൂന്ന്, നാല് തിയതികളിലെ മുഴുവന്‍ കോള്‍ ലിസ്റ്റും ഡിലീറ്റ് ചെയ്ത നിലയിലാണ്.
അഫീലിന്റെ മൊബൈല്‍ ഫോണിന് ഫിംഗര്‍ ലോക്കും പാസ്വേര്ഡുമുണ്ടായിരുന്നുവെന്നും പരിക്കേറ്റ് ആശുപത്രിയില്‍ എത്തിക്കുന്ന സമയത്തോ, എത്തിച്ചതിന് ശേഷമോ അഫീലിന്റെ വിരലടയാളം ഉപയോഗിച്ച് ലോക്ക് തുറന്നെന്നാണ് സംശയിക്കുന്നതെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത്.
Discussion about this post