വീണ്ടും ന്യൂനമര്‍ദ്ദനത്തിന് സാധ്യത; സംസ്ഥാനത്ത് ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത, ഓറഞ്ച് യെല്ലോ അലേര്‍ട്ടുകള്‍

മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.

തിരുവനന്തപുരം: കേരളത്തിലും ലക്ഷദ്വീപിനും ഇടയില്‍ അറബിക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത കാറ്റിനും കൂടാതെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതോടെ സംസ്ഥാനം കരുതലിലാണ്.

ഈ സാഹചര്യം കണക്കിലെടുത്ത് ബുധനാഴ്ച കൊല്ലത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തെയും തീവ്രതയെയുംപറ്റി കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമായ ചിത്രം നല്‍കിയിട്ടില്ല. ഞായറാഴ്ച ലക്ഷദ്വീപ്, മാലെദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയോടെയുള്ള കാറ്റും ശക്തമായ ഇടിമിന്നലുമുണ്ടാവും.

തിങ്കള്‍ മുതല്‍ ബുധന്‍വരെ കേരളതീരം, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ്, മാലെദ്വീപ് എന്നീ സമുദ്രമേഖലകളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റും ശക്തമായ ഇടിമിന്നലും ഉണ്ടാവും. മത്സ്യത്തൊഴിലാളികള്‍ ഈ ദിവസങ്ങളില്‍ കടലില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിര്‍ദേശിച്ചു.

യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍;

ഞായര്‍; പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
തിങ്കള്‍; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
ചൊവ്വ; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി
ബുധന്‍; തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം.

Exit mobile version