കൊച്ചി: വാളയാർ കേസിലെ മൗനത്തിൽ പ്രതിപക്ഷത്തേയും വിടി ബൽറാം എംഎൽഎയേയും രൂക്ഷമായി വിമർശിച്ച് അഡ്വ. ഹരീഷ് വാസുദേവൻ. പാലക്കാട് വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ ദളിത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ പോലീസിന്റെ വീഴ്ചയെ കുറിച്ച് പ്രതികരിക്കാൻ തയ്യാറാകാതെ ട്രോളാനായി മാത്രം ഫേസ്ബുക്കിൽ കയറിയ വിടി ബൽറാം എംഎൽഎയോടാണ് അഡ്വ. ഹരീഷ് വാസുദേവന്റെ മറുപടി. കേസിൽ നടപടി സ്വീകരിക്കുമെന്നും പോലീസ് അപ്പീൽ നൽകുമെന്നും അറിയിച്ച മന്ത്രി എകെ ബാലന്റേത് ശരിയായ നടപടിയായിരുന്നെന്നും അത്തരത്തിലെങ്കിലും പ്രതിപക്ഷവും കൂട്ടത്തിലുള്ള വിടി ബൽറാം എംഎൽഎയും വിഷയത്തിൽ ഇടപെടണമായിരുന്നെന്നും ഹരീഷ് വാസുദേവൻ ചൂണ്ടിക്കാണിക്കുന്നു. പകരം ട്രോളാനുള്ള മൂഡാണ് എംഎൽഎയ്ക്ക് ഉണ്ടായത്. താങ്കൾ ഇനിയും പക്വത നേടിയിട്ടില്ലെന്നും ബൽറാമിനോട് ഹരീഷ് വാസുദേവൻ പറയുന്നു.
വാളയാറിൽ 13ഉം 9ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികളെ കോടതി തെളിവിന്റെ അഭാവത്തിൽ വെറുതെ വിട്ടിരുന്നു. വിധി വന്ന് 24 മണിക്കൂർ കഴിഞ്ഞിട്ടും പാലക്കാട്ട് നിന്നുള്ള എംഎൽഎയായ ബൽറാം ഒരു വരി പോലും പ്രതികരണം എഴുതിയില്ല. എന്നിട്ടും പ്രതിരണം രേഖപ്പെടുത്തിയവരെ ട്രോളാനാണ് ശ്രമിച്ചതെന്നും ഹരാഷ് ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാണിക്കുന്നു.
വിടി ബൽറാം എംഎൽഎയുടെ ഫേസ്ബുക്ക് പോസ്റ്റ്:
പാലക്കാടു നിന്നുള്ള ജനപ്രതിനിധിയായ, പട്ടികജാതി ക്ഷേമ വകുപ്പിന്റെ ചുമതലയുള്ള, നിയമവകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായ എ കെ ബാലനോട് ഒരു ചോദ്യം: നിങ്ങൾക്ക് ശരിക്കും എന്താണ് പണി?/strong>
ക്രിമിനൽ കേസ് അന്വേഷണം പ്രാദേശിക ജനപ്രതിനിധികളുടെ പണിയല്ല. ക്രിമിനൽ കേസിൽ ഇരകൾ പട്ടികജാതിക്കാരാണെങ്കിൽപ്പോലും അന്വേഷണം നടത്തുന്നത് പട്ടികജാതി ക്ഷേമ വകുപ്പോ അതിന്റെ ചുമതലയുള്ള മന്ത്രിയോ അല്ല. സെഷൻസ് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നത് നിയമ വകുപ്പാണെങ്കിലും അവർക്കാവശ്യമായ കൃത്യമായ തെളിവുകളും സാക്ഷികളേയും എത്തിച്ചു കൊടുക്കേണ്ടത് ഇൻവെസ്റ്റിഗേഷൻ നടത്തുന്ന പോലീസാണ്. ക്രിമിനൽ ജസ്റ്റീസ് അഡ്മിനിസ്ട്രേഷൻ എന്നത് പൊതുവിൽ ആഭ്യന്തര വകുപ്പിന്റെ ചുമതലയാണ്.
എന്നിട്ടും ആ പോലീസിന്റെ/ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കാൻ ധൈര്യപ്പെടാതെ സൈബർ വെട്ടുകിളികളുടെ പിന്തുണയില്ലാത്ത പട്ടികജാതി ക്ഷേമ/നിയമ മന്ത്രിയിലേക്ക് മാത്രം ചോദ്യം വഴിതിരിച്ചുവിടുന്ന നിഷ്പക്ഷ മാധ്യമ പ്രവർത്തകരോട് തിരിച്ച് ഒരയൊരു ചോദ്യം. നിങ്ങൾക്ക് ഇതു തന്നെയാണോ പണി?
അഡ്വ. ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ബൽറാമിന്റെ നിലവാരം !!
പ്രതിപക്ഷത്തുള്ള യുവ MLA യാണ് ശ്രീ.VT ബൽറാം. ഫേസ്ബുക്കിലെ താരം. പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിന്റെ പ്രതിനിധി. യൂത്ത് കോണ്ഗ്രസ് നേതാവ്. സർവ്വോപരി, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക നിയമസഭാ സമിതിയിലെ അംഗം. പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിലെ വാളയാറിൽ 2 ദളിത് പെൺകുട്ടികളെ റേപ്പ് ചെയ്തു കൊന്ന പോക്സോ കേസിലെ പ്രതികളെ കോടതി വെറുതേ വിട്ട വാർത്ത മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ട് ഏതാണ്ട് 24 മണിക്കൂറായി.അതേപ്പറ്റി ഈ യുവതുർക്കി ഒരുവരി പ്രതികരണം ഇതുവരെ എഴുതിയിട്ടില്ല !! ആഭ്യന്തരവകുപ്പിനെതിരെ ഒരക്ഷരം മിണ്ടിയിട്ടില്ല !! (മന്ത്രിയുടെ പ്രതിപകരണം വരുന്നത് വരെ പ്രതിപക്ഷ നേതാവ് പോലും ഒരുവരി പ്രതികരണം പറഞ്ഞിട്ടില്ല)
ഇന്നീ വാർത്ത ഒന്നാം പേജിൽ പ്രാധാന്യത്തോടെ കൊടുത്ത ഒരേയൊരുപത്രം ഡെക്കാൻ ക്രോണിക്കിൾ ആണ്. അതിന്റെ റസിഡന്റ് എഡിറ്റർ ശ്രീ.KJ ജേക്കബിന്റെ ഒരു FB പോസ്റ്റ് ഇന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം ഏറ്റെടുത്തതോടെയാണ് നിയമമന്ത്രി ശ്രീ.AK ബാലനെങ്കിലും ഇക്കാര്യത്തിൽ ഒരു പ്രതികരണം നൽകേണ്ടി വന്നത്. പോസ്റ്റ് ആഭ്യന്തര വകുപ്പിനെതിരെ ആണ്, ചോദ്യം ആ ജില്ലയുടെ ചാർജ്‌ജുള്ള മന്ത്രിയോടും. ഒട്ടും വൈകാതെ ചോദ്യം മന്ത്രി കേട്ടു. അനുകൂലമായി പ്രതികരിച്ചു.
അപ്പീൽ നൽകും, സർക്കാർ ഇടപെടും, അന്വേഷണത്തിൽ വീഴ്ച വരുത്തിയെങ്കിൽ കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കും എന്നൊക്കെ പൊതുസമൂഹത്തോട് മന്ത്രി ശ്രീ.ബാലന് പറയേണ്ടി വന്നത്. KJ ജേക്കബ് ഉയർത്തിയ പ്രശ്നത്തിനുള്ള ആദ്യ impact ആണ്. അതായത് പ്രതിപക്ഷത്തെ നാം ഏൽപ്പിച്ച പണി മാധ്യമപ്രവർത്തകർ നമുക്കുവേണ്ടി ചെയ്ത് റിസൾട്ട് ഉണ്ടാക്കുമ്പോഴും പ്രതിപക്ഷം നാണംകെട്ട മൗനത്തിലാണ്, അതിലുപരി ന്യായീകരണത്തിലാണ് !!
ആ KJ ജേക്കബിന്റെ പോസ്റ്റിനെ ട്രോളാനാണ് VT ബൽറാം ആകെ ഈ വിഷയത്തിൽ പ്രതികരിച്ചത്. അപ്പോഴും ആ വിഷയത്തിന്റെ ഗൗരവമല്ല, ട്രോളാണ് MLA യുടെ മൂഡ്. ക്രിമിനൽ അന്വേഷണം പോലീസിന്റെ പണിയല്ലെന്നും, MLA മാരുടെ പണിയല്ലെന്നും, AK ബാലൻ നിരപരാധിയാണെന്നുമാണ് പോസ്റ്റിന്റെ സാരം. വർഗ്ഗബോധം !!
ഇന്നാട്ടിലെ MLA മാരെ, അവരുടെ സ്റ്റാഫുകളെ, ഓഫീസിനെ പ്രതിമാസം ലക്ഷങ്ങൾ ചെലവിട്ടു ജനം പരിപാലിക്കുന്നത് അവരുടെ പരിധിയിൽ വരുന്ന വിഷയങ്ങളിൽ നിയമസഭയുടെ അധികാരമുപയോഗിച്ച് ഇടപെടാനാണ്. എക്സിക്യൂട്ടീവിനെ അക്കൗണ്ടബിൾ ആക്കാൻ കഴിവുള്ള നിയമസഭയിൽ അംഗമായിരിക്കുന്ന ഓരോ MLA ക്കും ജനകീയ പ്രശ്നങ്ങളിൽ ഇടപെടാനും, സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനും, പരിഹാരം നേടിക്കൊടുക്കാനുമുള്ള ബാധ്യതയുണ്ട്. കേരളം മുൻപ് കണ്ടിട്ടില്ലാത്തവിധം ക്രൂരമായ ഒരു പീഡനക്കേസിലെ പ്രതികളും അവരെ രക്ഷപ്പെടാൻ അനുവദിച്ച പോലീസ് എമാന്മാരും തന്റെ ജില്ലയിൽ കറങ്ങി നടക്കുന്നത് ഒരു വലിയ പ്രശ്നമായി തോന്നാത്ത MLA തന്റെ ഊർജ്ജം ചെലവാക്കിയത്, ആ വാർത്ത സജീവ ജനശ്രദ്ധയിൽ കൊണ്ടുവന്നു പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ ട്രോളാനാണ് !!
പറയാതിരിക്കാനാകില്ല, ഷെയിം ബൽറാം ഷെയിം !! നിങ്ങൾ ഇനിയും പക്വത നേടിയിട്ടില്ല.
Discussion about this post