കായംകുളം: ചികിത്സാ പിഴവ് മൂലം ഒന്നരവയസുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. കായംകുളം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ മോഹനന്‍ വൈദ്യര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.
പ്രൊപ്പിയോണിക് അസീഡിമിയ എന്ന ജനിതകരോഗത്തിന് ചികിത്സയിലായിരുന്ന കുഞ്ഞ് മോഹനന്‍ വൈദ്യന്റെ അശാസ്ത്രീയ ചികിത്സ മൂലം മരിച്ചെന്നായിരുന്നു പരാതി.
തുടര്‍ന്ന് മാരാരിക്കുളം പോലീസ് മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. മോഹനന്‍ വൈദ്യരുടെ ചികിത്സാ കേന്ദ്രം കായംകുളത്ത് ആയതിനാല്‍ അന്വേഷണം പിന്നീട് കായംകുളം പോലീസിന് കൈമാറുകയായിരുന്നു.
ആലപ്പുഴ ഓച്ചിറ കൃഷ്ണപുരത്ത് ജെഎന്‍ നാട്ടുവൈദ്യശാല നടത്തുകയാണ് മോഹനന്‍ നായര്‍ എന്ന മോഹനന്‍ നായര്‍. താന്‍ ഇരുപതു വയസുമുതല്‍ പ്രകൃതി ചികില്‍സ നടത്തുന്ന ആളാണെന്നു ജാമ്യഹര്‍ജിയില്‍ നായര്‍ പറയുന്നു. പത്താംക്ലാസ് മാത്രമാണു വിദ്യാഭ്യാസയോഗ്യത. പരമ്പരാഗതമായാണ് നാട്ടുവൈദ്യം അഭ്യസിച്ചത്. മരുന്നു കുറിച്ചുകൊടുക്കാറില്ല. പ്രകൃതിജീവനം, ഭക്ഷണക്രമം എന്നിവയിലൂടെ രോഗം ഭേദമാക്കാമെന്ന ആശയത്തില്‍ ഊന്നിയാണ് പ്രവര്‍ത്തനം.