കോയമ്പത്തൂർ: ഓടുന്ന ട്രെയിനിൽ ചാടിക്കയറാൻ ശ്രമിക്കവെ തെറിച്ചുവീണയാളുടെ ജീവൻ രക്ഷിച്ച് മലയാളി ആർപിഎഫ് ഉദ്യോഗസ്ഥൻ. തൃശ്ശൂർ ഒല്ലൂർ മരുത്താക്കര സ്വദേശിയും കോയമ്പത്തൂരിലെ ആർപിഎഫ് ഉദ്യോഗസ്ഥനുമായ പിവി ജയന്റെ തക്കസമയത്തെ ഇടപെടലാണ് യാത്രക്കാരന്റെ ജീവൻ രക്ഷിച്ചത്. കോയമ്പത്തൂർ ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 08.20-ഓടെയായിരുന്നു സംഭവം.
പാലക്കാട് നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള 56712 പാസഞ്ചർ ട്രെയിൻ കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽനിന്ന് മുന്നോട്ടുനീങ്ങവെ ഓടി വന്ന് ഒരു യാത്രക്കാരൻ ചാടി കയറുന്നതിനിടെയാണ് പുറത്തേക്ക് തെറിച്ചത്. വേഗതയിലായിരുന്ന ട്രെയിനിൽനിന്ന് ഇയാൾ പ്ലാറ്റ്ഫോമിലേക്ക് തന്നെ വീഴാൻ തുടങ്ങുകയായിരുന്നു. എന്നാൽ ഈ സമയം പ്ലാറ്റ്ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജയൻ യാത്രക്കാരനെ ട്രെയിനിന് അകത്തേക്ക് ശക്തിയിൽ തള്ളി അപകടത്തിൽ നിന്നും രക്ഷിക്കുകയായിരുന്നു.
യാത്രക്കാരനെ രക്ഷപ്പെടുത്തിയ പിവി ജയനെ സ്റ്റേഷൻ ഡയറക്ടർ പി സതീഷ് ശ്രാവണൻ ആദരിച്ചു. ദക്ഷിണറെയിൽവേയുടെ പ്രശസ്തിപത്രവും പാരിതോഷികവും അദ്ദേഹത്തിന് കൈമാറി. 21 വർഷമായി റെയിൽവേയിൽ ജോലി ചെയ്യുന്ന ജയൻ കഴിഞ്ഞ രണ്ടര വർഷമായി കോയമ്പത്തൂരിലെ റെയിൽവേ സംരക്ഷണ സേനയിലാണ്.
Discussion about this post