തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വന്‍ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിനു പിന്നാലെ മുല്ലപ്പള്ളിക്കും മുരളീധരനും മറുപടി നല്കി മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നല്‍കിയത്. മുല്ലപ്പള്ളി രമചന്ദ്രന്റെയും കെ മുരളീധരന്റെയും നാവിന്റെ ഗുണമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം ഇത്രയും വര്‍ധിപ്പിക്കാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഊതിവീര്‍പ്പിച്ച ബലൂണാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വികെ പ്രശാന്ത് എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രളയത്തില്‍ മലബാറിനെ സഹായിക്കാനായിരുന്നു പ്രശാന്തിന് വ്യഗ്രതയെന്ന കെ മുരളീധരന്റെയും പ്രസ്താവന തരംതാണതായിരുന്നുവെന്നും മന്ത്രി തുറന്നടിച്ചു. ആ നിലയില്‍ തന്നെ ജനങ്ങള്‍ അതിനെ തള്ളിക്കളയുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എംഎല്‍എ എന്ന നിലയില്‍ വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രം ശ്രദ്ധിച്ച കെ മുരളീധരന് മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു പരിഗണനയും നല്‍കിയില്ലെന്നും എകെ ബാലന് പറയുന്നു. മരണ സമയത്തും കല്യാണത്തിനും സാന്നിധ്യമുണ്ട്, മറ്റൊന്നിനുമില്ല. ഇതാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വട്ടിയൂര്‍ക്കാവില്‍ എല്ലാ ഡിവിഷനുകളിലെയും കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തപ്പോള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് മനസിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം കെ മുരളീധരനെതിരായി ഉണ്ടായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വോട്ടില്‍ പ്രതിഫലിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം കൂടി. മുരളീധരന്റെ വാര്‍ഡില്‍ പോലും യുഡിഎഫിന് വോട്ട് കുറഞ്ഞു. അരൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 11469 വോട്ട് കുറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെഎസ് രാധാകൃഷ്ണന് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 25250 വോട്ട് ലഭിച്ചിരുന്നു.
അതില്‍ നിന്നാണ് ഇപ്പോള്‍ 16289 വോട്ടായി കുറഞ്ഞത്. ശരാശരി 10000 വോട്ട്. ഈ വോട്ട് എവിടെപ്പോയെന്നും മന്ത്രി തുറന്നടിച്ച് ചോദിച്ചു. അരൂരില്‍ 2000 വോട്ട് എല്‍ഡിഎഫിന് കൂടുതല്‍ ലഭിച്ചിട്ടും യുഡിഎഫ് ജയിച്ചത് ആര്‍എസ്എസ് വോട്ട് യുഡിഎഫിന് മറിച്ചു കൊടുത്തതു കൊണ്ടാണെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ? എന്നും അദ്ദേഹം ചോദിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയം സമ്മതിക്കുന്നതിനു പകരം ആര്‍എസ്എസ് വോട്ട് എല്‍ഡിഎഫിന് മറിച്ചു കൊടുത്തെന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ പുച്ഛിക്കലും അപമാനിക്കലുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് ഒരിക്കലും നന്നാവില്ലെന്നതിന്റെ ലക്ഷണമാണിതെന്നും മന്ത്രി പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
മുല്ലപ്പള്ളിയുടെയും മുരളീധരന്റെയും നാവിന്റെ ‘ഗുണം’
മുല്ലപ്പള്ളി രാമചന്ദ്രന്റെയും കെ മുരളീധരന്റെയും നാവിന്റെ ഗുണമാണ് വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം ഇത്രയും വര്‍ധിപ്പിക്കാന്‍ സഹായിച്ചത്. ഊതിവീര്‍പ്പിച്ച ബലൂണാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി. കെ. പ്രശാന്ത് എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രളയത്തില്‍ മലബാറിനെ സഹായിക്കാനായിരുന്നു പ്രശാന്തിന് വ്യഗ്രതയെന്ന കെ. മുരളീധരന്റെയും പ്രസ്താവന തരംതാണതായിരുന്നു. ആ നിലയില്‍ തന്നെ ജനങ്ങള്‍ അതിനെ തള്ളിക്കളയുകയും ചെയ്തു.
എം.എല്‍.എ എന്ന നിലയില്‍ വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ട ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാത്രം ശ്രദ്ധിച്ച കെ. മുരളീധരന് മണ്ഡലത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ഒരു പരിഗണനയും നല്‍കിയില്ല. മരണ സമയത്തും കല്യാണത്തിനും സാന്നിധ്യമുണ്ട്; മറ്റൊന്നിനുമില്ല. ഇതാണ് തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വട്ടിയൂര്‍ക്കാവില്‍ എല്ലാ ഡിവിഷനുകളിലെയും കുടുംബ സംഗമങ്ങളില്‍ പങ്കെടുത്തപ്പോള്‍ ജനങ്ങളില്‍ നിന്ന് നേരിട്ട് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധം കെ. മുരളീധരനെതിരായി ഉണ്ടായിരുന്നു. ജനങ്ങളുടെ പ്രതിഷേധം വോട്ടില്‍ പ്രതിഫലിച്ചപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കൂടി. മുരളീധരന്റെ വാര്‍ഡില്‍ പോലും യു.ഡി.എഫിന് വോട്ട് കുറഞ്ഞു.
അരൂരില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ 11469 വോട്ട് കുറഞ്ഞു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി കെ. എസ്. രാധാകൃഷ്ണന് അരൂര്‍ നിയമസഭാ മണ്ഡലത്തില്‍ 25250 വോട്ട് ലഭിച്ചിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ 16289 വോട്ടായി കുറഞ്ഞത്. ശരാശരി 10000 വോട്ട്. ഈ വോട്ട് എവിടെപ്പോയി? അരൂരില്‍ 2000 വോട്ട് എല്‍ ഡി എഫിന് കൂടുതല്‍ ലഭിച്ചിട്ടും യു ഡി എഫ് ജയിച്ചത് ആര് എസ് എസ് വോട്ട് യു.ഡി.എഫിന് മറിച്ചു കൊടുത്തതു കൊണ്ടാണെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ?
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയം സമ്മതിക്കുന്നതിനു പകരം ആര്.എസ്.എസ് വോട്ട് എല്‍.ഡി.എഫിന് മറിച്ചു കൊടുത്തെന്ന് പറയുന്നത് ജനങ്ങളുടെ സാമാന്യബുദ്ധിയെ പുച്ഛിക്കലും അപമാനിക്കലുമാണ്. യു ഡി എഫ് ഒരിക്കലും നന്നാവില്ലെന്നതിന്റെ ലക്ഷണമാണിത്.
Discussion about this post