തിരുവനന്തപുരം: തലസ്ഥാനത്ത് സ്വര്‍ണ്ണ നിറമുള്ള മൂര്‍ഖന്‍ പാമ്പിനെ വാവ സുരേഷ് പിടികൂടി. സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ ചര്‍ച്ചാ വിഷയം. തിരുവനന്തപുരം ജില്ലയിലെ കരിക്കകത്തിനു സമീപമുള്ള ആറ്റുവരമ്പത്തു നിന്നാണ് സ്വര്‍ണ്ണ നാഗം അഥവാ സര്‍പ്പം എന്നറിയപ്പെടുന്ന പാമ്പിനെ പിടികൂടിയത്.
ഇവിടെയുള്ള ഒരു വീടിനു സമീപത്താണ് പാമ്പിനെ കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പും ഈ സ്വര്‍ണ്ണ നിറത്തിലുള്ള പാമ്പിനെ കണ്ടതായി വീട്ടുകാര്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് വാവ സുരേഷ് എത്തി സ്വര്‍ണ്ണ നിറത്തിലുള്ള മൂര്‍ഖനെ പിടികൂടിയത്. വാവ സുരേഷ് പിടികൂടുന്ന മൂന്നാമത്തെ സ്വര്‍ണ്ണ വര്‍ണ്ണമുള്ള നാഗമാണിത്. ഹൈന്ദവ ആചാര പ്രകാരമാണ് ഈ മൂര്‍ഖന്‍ സ്വര്‍ണ നാഗമെന്നും സര്‍പ്പമെന്നുമൊക്കെ അറിയപ്പെടുന്നത്.
ഗോള്‍ഡന്‍ കോബ്ര എന്നറിയപ്പെടുന്ന പാമ്പാണിത്. പിടികൂടിയ പാമ്പിന്റെ ശരീരത്തില്‍ മുഴകളുണ്ടായിരുന്നു. ഇതിനൊരെണ്ണം പൊട്ടിയ നിലയിലായിരുന്നു. എന്നാല്‍ ശരീരത്തിലുള്ള മുറിവ് അപകടകാരിയല്ലെന്നും വാവ സുരേഷ് പറയുന്നു. ഏകദേശം അഞ്ചേമുക്കാലടിയോളം നീളമുള്ള പെണ്‍ മൂര്‍ഖന്‍ പാമ്പാണിത്. 10 വയസ് പ്രായം വരുമെന്നും വാവ കൂട്ടിച്ചേര്‍ത്തു.