കോഴിക്കോട്: കൂടത്തായി കൊലക്കേസിലെ മുഖ്യ പ്രതി ജോളി ജോസഫ് പണയം വയ്ക്കാനായി സുഹൃത്ത് ജോണ്സണ് നല്‍കിയത് സിലിയുടെ ആഭരണങ്ങള്‍. വടകര തീരദേശ സ്റ്റേഷനില്‍ ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരായപ്പോഴാണ് ജോണ്സന് എട്ടേകാല്‍ പവന് സ്വര്‍ണാഭരണങ്ങള്‍ പോലീസിന് കൈമാറിയത്. ഇതില്‍ മാലയും വളയും സിലിയുടേതാണെന്നു സഹോദരനും മറ്റു ബന്ധുക്കളും തിരിച്ചറിഞ്ഞിട്ടുണ്ട്.
സിലിയുടെ മരണത്തിന് ശേഷമാണ് ആഭരണങ്ങള്‍ പണയം വെയ്ക്കാനായി ജോളി ജോണ്‍സണെ ഏല്‍പ്പിച്ചത്. പുതുപ്പാടിയിലെ ഒരു സഹകരണ ബാങ്കിലായിരുന്നു ഇതു പണയം വച്ചത്. എന്നാല്‍ അത് തന്റെ സ്വര്‍ണമാണെന്നു വിശ്വസിപ്പിച്ചാണ് ജോളി പണയം വയ്ക്കാനായി നല്‍കിയതെന്നു ജോണ്സന് നേരത്തേ പറഞ്ഞിരുന്നു.
ഈ സ്വര്‍ണമാണ് ജോണ്സണ് ഇപ്പോള്‍ പോലീസിന് കൈമാറിയത്. സിലിയുടെ സഹോദരന് സിജോ, സഹോദരി, സിജോയുടെ ഭാര്യ എന്നിവരെ പോലീസ് വിളിച്ചുവരുത്തി ആഭരണങ്ങള്‍ സിലിയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കൊലക്കേസില്‍ നിര്‍ണായക തെളിവായി ഈ ആഭരണങ്ങള്‍ മാറും. മറ്റു മൂന്ന് ബാങ്കുകളിലായി ജോളി പണയം വച്ചിരുന്നതിലും സിലിയുടെ സ്വര്‍ണമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.