തിരുവനന്തപുരം: ഓൺലൈനായി റിസർവ് ചെയ്ത സീറ്റ് യാത്രക്കാരന് നിഷേധിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത കണ്ടക്ടർക്കെതിരെ കെഎസ്ആർടിസി അച്ചടക്ക നടപടി സ്വീകരിച്ചു. ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് നടപടി ആവശ്യപ്പെട്ട് ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആർടിസിയുടെ നടപടി.
2019 മേയ് 18ന് രാത്രി 10ന് എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള സൂപ്പർ ഫാസ്റ്റിലാണ് യാത്രക്കാരനായ പി വിപിൻ ദീപ് സീറ്റ് റിസർവ് ചെയ്തിരുന്നത്. ബസിന്റെ മുൻഭാഗത്ത് ഡ്രൈവർ സീറ്റിന്റെ എതിർവശത്തുള്ള 51ാം നമ്പർ സീറ്റാണ് റിസർവ് ചെയ്തത്. രാത്രിയിൽ ഈ സീറ്റ് കണ്ടക്ടർ ഉപയോഗിക്കാറുണ്ട്. എന്നാൽ കണ്ടക്ടറുടെ ഉപയോഗത്തിനായി ബസിനു പിന്നിൽ 52ാം നമ്പർ സീറ്റാണ് ഓൺലൈനിൽ രേഖപ്പെടുത്തിയിരുന്നത്. ഇത് ബുക്ക് ചെയ്യാനാവാത്ത വിധം ബ്ലോക്ക് ചെയ്തിട്ടുമുണ്ടായിരുന്നു. എന്നാൽ ബസിൽ കയറിയ വിപിനോട് ബുക്ക് ചെയ്തത് ‘കണ്ടക്ടർ സീറ്റാ’ണെന്ന് പറഞ്ഞ് സീറ്റ് നിഷേധിച്ചു. തുടർന്ന് മറ്റൊരു സീറ്റ് അനുവദിച്ചു. ഒപ്പം യാത്രക്കാരന് മനോവ്യഥ ഉണ്ടാക്കുന്ന തരത്തിൽ സംസാരിക്കുകയും ചെയ്തു.
തുടർന്നാണ് പരാതിക്കാരൻ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ദിവസ വേതനക്കാരനായ കണ്ടക്ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതായി കെഎസ്ആർടിസി മാനേജിങ് ഡയറക്ടർ കമ്മീഷനെ അറിയിക്കുകയായിരുന്നു.
Discussion about this post