കോഴിക്കോട്: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വലിയ തിരിച്ചടി നേരിട്ടതിനു തൊട്ടുപിന്നാലെയാണ് പാർട്ടി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയെ മിസോറം ഗവർണറായി നിയമിച്ചത്. കുമ്മനം രാജശേഖരൻ സ്ഥാനമൊഴിഞ്ഞ ശേഷം നിയമനം നടക്കാതെ കിടക്കുകയായിരുന്ന പദവിയിലേക്കു വീണ്ടും കേരളത്തിന്റെ ബിജെപി സംസ്ഥാന അധ്യക്ഷനാണു ഗവർണറായെത്തുന്നത്.
അതേസമയം, തന്റെ ഗവർണർ നിയമനം ഒട്ടും അപ്രതീക്ഷിതമല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. ഒരിക്കലുമല്ല. 4 ദിവസം മുമ്പു പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ വിളിച്ചു സംസാരിച്ചിരുന്നു. രാവിലെ രാഷ്ട്രപതി ഭവനിൽനിന്നു പൂർണമായ വിലാസം ആവശ്യപ്പെട്ടു ഫോൺകോൾ വരികയും ചെയ്‌തെന്നും എന്നാൽ രാത്രിതന്നെ ഗവർണറായി നിയമിച്ച് ഉത്തരവ് ഇറങ്ങുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
തെരഞ്ഞെടുപ്പു ഫലവുമായി ഈ മാറ്റത്തിനു ബന്ധമൊന്നുമില്ല. തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുമ്പുതന്നെ തീരുമാനമെടുത്തു കഴിഞ്ഞതാണ്. താൻ ഈ രാഷ്ട്രീയത്തിരക്കുകളിലേക്കു വന്നിട്ട് ഒന്നര വർഷമേ ആയിട്ടുള്ളൂവെന്നും ഈ കാലത്ത് എഴുതാനും വായിക്കാനും കാര്യമായ സമയം കിട്ടിയില്ലെന്നും അദ്ദേഹം പരിഭവം പറയുന്നു. ഇനി സർഗാത്മകമായ എഴുത്തിനു സമയം കിട്ടുമെന്നാണു പ്രതീക്ഷയുണ്ടെന്നും അദ്ദേഹം ഗവർണറായി നിയുക്തനായതിന് പിന്നാലെ നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചു.
തന്റെ പിൻഗാമിയെ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും പാർട്ടിക്കകത്തു പ്രശ്‌നങ്ങളുണ്ടെന്നു മാധ്യമങ്ങൾ പറഞ്ഞുണ്ടാക്കുന്നതാണ്െന്നും അദ്ദേഹം ആരോപിച്ചു. സ്ഥാനം ആവശ്യപ്പെട്ടു താനടക്കമുള്ള ആരും നടന്നിട്ടേയില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.