സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടില്‍ അതൃപ്തി; പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കുന്നില്ലെന്ന് എറണാകുളം കോണ്‍ഗ്രസ് നേതൃത്വം

അതേസമയം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ടിജെ വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഇന്ന് രാജിവയ്ക്കും

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റേണ്ടതില്ലെന്ന കെപിസിസി പ്രസിഡന്റിന്റെ നിലപാടില്‍ എറണാകുളത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയും സാഹചര്യങ്ങള്‍ മനസിലാക്കാതെയുമാണ് മുല്ലപ്പള്ളി മേയറെ അനുകൂലിക്കുന്ന നിലപാടെടുത്തതെന്ന വിമര്‍ശനമാണ് എറണാകുളത്തെ എ, ഐ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ളത്. നഗരസഭ ഭരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് ചേരുന്ന നേതൃയോഗത്തില്‍ അതൃപ്തി അറിയിക്കാനാണ് ഇവരുടെ തീരുമാനം.

ഉപതിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ചയും, ഹൈക്കോടതി വിമര്‍ശനവും ഉയര്‍ത്തി സൗമിനി ജയിനെ മേയര്‍ സ്ഥാനത്തു നിന്നു നീക്കാനുള്ള നീക്കങ്ങള്‍ എ, ഐ ഗ്രൂപ്പുകള്‍ ശക്തമാക്കുന്നതിനിടെയാണ് മേയറെ മാറ്റേണ്ടതില്ലെന്ന നിലപാട് കെപിസിസി പ്രസിഡന്റ് പരസ്യമായി പ്രഖ്യാപിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയമായാലും പരാജയമായാലും കൂട്ടുത്തരവാദിത്തമാണെന്നും ഒരാള്‍ക്ക് മാത്രം ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്നുമായിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. കൊച്ചി മേയര്‍ സൗമിനിയെ ബലിമൃഗമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മേയറെ മാറ്റുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ടിജെ വിനോദ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം ഇന്ന് രാജിവയ്ക്കും. ടിജെ വിനോദിനു പകരക്കാരനായി പശ്ചിമ കൊച്ചിയില്‍ നിന്നുള്ള കൗണ്‍സിലര്‍ പ്രേംകുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി പിഡി മാര്‍ട്ടിന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കപ്പെടുന്നത്.

Exit mobile version