ചിത്തിര ആട്ട വിശേഷത്തിന് ഒരുങ്ങി ശബരിമല; നട ഇന്ന് തുറക്കും

ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നട തുറക്കുക.

തിരുവനന്തപുരം: ചിത്തിര ആട്ടവിശേഷത്തിന് ശബരിമല നട ഇന്ന് തുറക്കും. വൈകുന്നേരം അഞ്ച് മണിക്കാണ് നട തുറക്കുക. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍ നമ്പൂതിരിയാണ് അഞ്ച് മണിക്ക് ക്ഷേത്രനട തുറന്ന് നെയ്യ് വിളക്ക് തെളിയിക്കുക.

ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം മാത്രമാണ് നട തുറക്കുക. കവഡിയാര്‍ കൊട്ടാരത്തില്‍ നിന്ന് കൊണ്ട് വരുന്ന നെയ്യ് ഉപയോഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തില്‍ പ്രധാനമായും നടത്തി വരുന്ന ചടങ്ങ്. ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ വിശേഷാല്‍ വഴിപാടായി ഉണ്ടാകും. പൂജകള്‍ ചെയ്ത ശേഷം 27ന് രാത്രി 10 മണിക്ക് നട അടയ്ക്കുകയും ചെയ്യും.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി നവംബര്‍ 16ന് വൈകിട്ട് 5ന് വീണ്ടും നട തുറക്കും. നിയുക്ത മേല്‍ശാന്തിമാരായ എകെ സുധീര്‍ നമ്പൂതിരിയും (ശബരിമല) എംഎസ് പരമേശ്വരന്‍ നമ്പൂതിരിയും (മാളികപ്പുറം) പൂജാ വിധികളുടെ പഠനവും ജപവും ഭജനയുമായി സന്നിധാനത്ത് ഉണ്ടെങ്കിലും അന്നു മാത്രമേ അവരോധന ചടങ്ങു നടക്കുകയൊള്ളൂ.

Exit mobile version