തിരുവനന്തപുരം: റേഷന്‍ സാധനങ്ങള്‍ ഗോഡൗണുകളില്‍ നിന്നും മറിച്ച് കടത്തുന്നത് തടയാനായി നിരീക്ഷണ ക്യാമറകളും കണ്‍ട്രോള്‍ റൂമും സ്ഥാപിക്കും. സംസ്ഥാനത്തു റേഷന്‍ വാതില്‍പടി വിതരണത്തിനായി എഫ്‌സിഐയില്‍ നിന്നു ഭക്ഷ്യധാന്യങ്ങള്‍ സംഭരിച്ചു വിതരണം ചെയ്യുന്ന സപ്ലൈകോ ഗോഡൗണുകളില്‍ ഇവ സ്ഥാപിക്കുന്നതിനായുള്ള നടപടികള്‍ ആരംഭിച്ചു.
സപ്ലൈകോ ഗോഡൗണുകളില്‍ നിന്നു റേഷനരി കരിഞ്ചന്തയിലേക്കു കടത്തുന്നത് പെരുകിയതോടെയാണ് പുതിയ നടപടി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 104 ഗോഡൗണുകളില്‍ ഡിസംബറില്‍ ക്യാമറ സ്ഥാപിച്ചു തുടങ്ങും. സ്വകാര്യ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 112 ഗോഡൗണുകളില്‍ പിന്നീടു നടപ്പാക്കുമെന്നു സപ്ലൈകോ എംഡി കെഎന്‍ സതീശ് അറിയിച്ചു.
ഗോഡൗണുകളിലുള്ള ഭക്ഷ്യ ധാന്യങ്ങളുടെ അളവ്, സ്‌കീം, തൂക്കം ഇവ സംബന്ധിച്ചുള്ള സ്റ്റോക്ക് ബോര്‍ഡ് പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം ഉദ്യോഗസ്ഥര്‍ പലപ്പോഴും പാലിക്കാറില്ല. ക്രമക്കേടു കണ്ടെത്താതിരിക്കാന്‍ ഭക്ഷ്യ ധാന്യങ്ങള്‍ കൂട്ടിയിട്ട് ആശയക്കുഴപ്പമുണ്ടാക്കുമെന്നും കീടങ്ങള്‍, എലി, പക്ഷി, ഈര്‍പ്പം മഴ ഇവ കാരണം നാശം സംഭവിക്കുന്നതു തടയാനും നടപടിയില്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു.
ഇത്തരം കാര്യങ്ങള്‍ തടയാനാണു ഗോഡൗണുകളില്‍ ക്യാമറ നിരീക്ഷണം ഏര്‍പ്പെടുത്തുന്നത്. 12മുതല്‍ 16വരെ ക്യാമറകളാണ് ഓരോ ഗോഡൗണിലും സ്ഥാപിക്കുക. ഇത് കൂടാതെ എഫ്‌സിഐയില്‍ നിന്നു കൊണ്ടുവരുന്ന ധാന്യം ഇറക്കുന്നതും റേഷന്‍ കടകളിലേക്കു കയറ്റി വിടുന്നതും നിരീക്ഷിക്കാന്‍ മൂന്ന് ക്യാമറകള്‍ പ്രത്യേകം സജ്ജീകരിക്കും. റേഷന്‍ വിതരണത്തിനുള്ള വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കാനും നടപടി ആരംഭിച്ചിട്ടുണ്ട്.
Discussion about this post