തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. കഴിഞ്ഞ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ബിജെപിക്ക് വോട്ട് വര്‍ധിക്കുകയാണ് ചെയ്തത്. ബിജെപി തോറ്റുപോയെന്ന് എങ്ങനെ പറയനാകുമെന്നും ശ്രീധരന്‍പിള്ള ചോദിച്ചു. മഞ്ചേശ്വരത്ത് ബിജെപിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും അധികം വോട്ട് ലഭിക്കുന്നതെന്നും ശ്രീധരന്‍ പിള്ള അവകാശപ്പെട്ടു.
നേട്ടം ഉണ്ടാക്കിയെന്ന ഇടത്, വലത് മുന്നണികളുടെ അവകാശവാദം ജനവഞ്ചനയാണ്. മൂന്നു മണ്ഡലങ്ങളില്‍ വീതം ഇടതുപക്ഷത്തിനും യുഡിഎഫിനും വോട്ട് കുറഞ്ഞു. ഇത് മറച്ചുവച്ച് ബിജെപിക്ക് വോട്ട് കുറഞ്ഞെന്ന് പറയുന്നതില്‍ അര്‍ഥമില്ല. കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞത് ചെന്നിത്തലയും സിപിഎമ്മിന് വോട്ട് കുറഞ്ഞത് കോടിയേരിയും വിശദീകരിക്കണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു.
അതെസമയം ആറ് മാസത്തിനിടെ അഞ്ചിടത്ത് ജനം വീണ്ടും വോട്ട് ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് ബിജെപിക്കാണ്. താമരയില്‍ നിന്ന് 42,975 വോട്ടിന്റെ ചോര്‍ച്ചയുണ്ടായി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ നിന്ന് കിട്ടിയതിനെക്കാള്‍ ഇത്തവണ സുരേന്ദ്രന് കുറഞ്ഞത് 6720 വോട്ടാണ്. കോന്നിയില്‍ ഇടതുമായുണ്ടായിരുന്ന അകലം 440 വോട്ടില്‍ നിന്ന് 14,313 വോട്ടായി വര്‍ധിച്ചു. അഞ്ചിടങ്ങളില്‍ ഏറ്റവും വോട്ട് ചോര്‍ന്നത് പാര്‍ട്ടി ഏറ്റവും പ്രതീക്ഷവെച്ച വട്ടിയൂര്‍ക്കാവിലാണ്.വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്ത് നിന്ന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ലോക്‌സഭയിലേക്ക് കുമ്മനം മത്സരിച്ചപ്പോള് കിട്ടിയ 50709 വോട്ട് 27453 ആയി ചുരുങ്ങി. നഷ്ടം 23256 വോട്ട്. വലിയ തിരിച്ചടിക്ക് ഇടയിലും പാര്‍ട്ടിയുടെ ആകെ ആശ്വാസം മഞ്ചേശ്വരത്ത് വര്‍ധിച്ച 380 വോട്ടും രണ്ടാം സ്ഥാനം നിലനിര്‍ത്തിയതുമാണ്.
എന്നാല്‍ കഴിഞ്ഞ തവണ 79 വോട്ടിന് നഷ്ടമായ മണ്ഡലത്തില്‍ ഇത്തവണ തോറ്റത് 7923 വോട്ടിനാണ്. എറണാകുളത്ത് കണ്ണന്താനം മത്സരിച്ചപ്പോള്‍ കിട്ടിയ വോട്ടില്‍ നിന്ന് 4418 വോട്ട് കുറഞ്ഞു.