തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം ‘ക്യാര്‍’ ചുഴലിക്കാറ്റായി മാറി. നിലവില്‍ ക്യാര്‍ ചുഴലിക്കാറ്റ് മധ്യ കിഴക്കന്‍ അറബിക്കടലില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ ഏഴ് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്നുണ്ട്. കൊങ്കണ്‍ തീരത്ത് കനത്ത നാശം വിതച്ച ചുഴിക്കാറ്റിന്റെ സാഹചര്യത്തില്‍ കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്കിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ഭാഗമായി കേരളത്തീരത്ത് തിരമാല ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
ക്യാര്‍ ചുഴലിക്കാറ്റ് അടുത്ത 12 മണിക്കൂറില്‍ ശക്തിപ്രാപിച്ച് തീവ്ര ചുഴലിക്കാറ്റായി പടിഞ്ഞാറ് ദിശയില്‍ തെക്കന്‍ ഒമാന്‍, യമന്‍ തീരത്തെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് പ്രവചനം. ക്യാര്‍ കേരളത്തില്‍ തീവ്രമല്ലെങ്കിലും ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തില്‍ ഏഴു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ കാസര്‍ക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശമുണ്ട്.
ഒക്ടോബര്‍ 28 മുതല്‍ 31 വരെ മധ്യ പടിഞ്ഞാറ് അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നാണ് നിര്‍ദ്ദേശം. കേരള തീരത്ത് 3.0 മുതല്‍ 3.8 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രമാണ് (INCOIS) അറിയിച്ചു.
അടുത്ത 48 മണിക്കൂറില്‍ മഹാരാഷ്ട്ര, ഗോവ, കര്ണാടകതീരം, വടക്ക് കിഴക്ക് അറബിക്കടല്‍ ഇതിനോട് ചേര്‍ന്നുള്ള തെക്കന്‍ ഗുജറാത്ത് തീരം എന്നിവിടങ്ങളില്‍ പോകരുത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ മാറ്റം വരുന്നത് വരെ മത്സ്യതൊഴിലാളികളെ കടലില്‍ പോകുന്നതില്‍ നിന്ന് വിലക്കുന്നതിന് ജില്ലാഭരണകൂടത്തിനും ഫിറീസ് വകുപ്പിനും പോലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Discussion about this post