കോഴിക്കോട്: സിലിക്കെതിരെ നടത്തിയ ഗൂഢാലോചനകൾ ഓരോന്നായി അഴിച്ചെടുത്ത് അന്വേഷണസംഘം. സിലിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് അവരെ ഭ്രാന്തിയായി ചിത്രീകരിക്കാനും സാവധാനം മരണത്തിലേക്ക് തള്ളിവിടാനും ശ്രമിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന. സിലിയെ മാനസികരോഗിയായി ചിത്രീകരിക്കാൻ ഭർത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കൾ ആരോപിച്ചു. അപസ്മാരത്തിന് എന്ന പേരിൽ ഷാജു ചില പ്രത്യേക ഗുളികകൾ സിലിക്ക് നൽകിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകൾ എത്തിച്ച് നൽകിയിരുന്നതെന്നും ബന്ധുക്കൾ അന്വേഷണ സംഘത്തിന് നൽകിയ മൊഴികളിലുണ്ട്.
സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീർത്ത് സാവധാനം വകവരുത്തിയാൽ ആരും സംശയിക്കില്ലെന്ന് ജോളിയും ഷാജുവും കണക്കുകൂട്ടിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അപസ്മാരം മാറാനെന്ന പേരിൽ ഷാജു നിർബന്ധിച്ച് സിലിയെ കൊണ്ട് മരുന്നു കുടിപ്പിക്കുമായിരുന്നു. സിലിക്ക് അപസ്മാരമുണ്ടെന്ന് അവരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നൽകി കൊണ്ടിരുന്നത്. കൂണിൽ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകൾ ഷാജുവിന് എത്തിച്ച് നൽകിയിരുന്നത്. കുറേക്കാലം കഴിച്ചപ്പോൾ സിലി ഈ മരുന്നിന് അടിമയായി.
പിന്നീട് ഗുളിക കിട്ടിയില്ലെങ്കിൽ മാനസിക വിഭ്രാന്തി കാണിച്ചുതുടങ്ങി. അപ്പോഴാണ് സിലിയ്ക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധു വീടുകളിൽ പ്രചരിപ്പിച്ചത്. സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നൽകിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തിൽ ജോളിയെ എത്തിച്ച് പോലീസ് തെളിവെടുപ്പും നടത്തി.
സിലിയെ കൊല്ലാനായി ജോളി കഷായത്തിൽ സയനൈഡ് ചേർത്ത് നൽകിയ സമയത്ത് വായിൽനിന്ന് നുരയും പതയും വന്നിരുന്നു. എങ്കിലും സയനൈഡിന്റെ അളവ് കുറവായതിനാൽ മരിച്ചില്ല. അന്ന് ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു. എന്നാൽ സിലിയ്ക്ക് ഒരിക്കൽപോലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചരണം തുടർന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Discussion about this post