ആലപ്പുഴ: വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെയും സ്ഥാനാർത്ഥി വികെ പ്രശാന്തിനെയും അഭിനന്ദിച്ച് തുഷാർ വെള്ളാപ്പള്ളിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റിട്ട പ്രവർത്തകനെ ബിഡിജെഎസിൽ നിന്നും പുറത്താക്കി. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്തിരുന്ന കിരൺ ചന്ദ്രനെ ആണ് ബിഡിജെഎസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. പാർട്ടി വിരുദ്ധ നടപടിക്ക് പുറത്താക്കിയെന്നാണ് വിശദീകരണം.
ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെയാണ് തുഷാർ വെള്ളാപ്പള്ളിയുടെ പേജിൽ വികെ പ്രശാന്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റേയും ചിത്രം പങ്കുവച്ചുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. പിന്നോക്കക്കാരനായ മുഖ്യമന്ത്രിയും മുന്നോക്ക ഭൂരിപക്ഷ മണ്ഡലത്തിൽ നിന്നും വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പിന്നോക്കക്കാരനും ഒരുമിച്ച് തലയുയർത്തി നിൽക്കുന്ന ഈ കാഴ്ച കേരളത്തിൽ അധസ്ഥിത ജനവിഭാഗങ്ങൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണ് എന്നായിരുന്നു ചിത്രത്തിന് ഒപ്പം പങ്കുവെച്ച കുറിപ്പ്.
പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് തുഷാർ വെള്ളാപ്പള്ളി പിൻവലിക്കുകയും വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്തു. അഭിനന്ദന പോസ്റ്റ് ഇട്ടത് ഫേസ്ബുക്ക് പേജ് നോക്കുന്ന വ്യക്തിയാണെന്ന് വിശദീകരിച്ചായിരുന്നു തുഷാറിന്റെ കുറിപ്പ്. ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഒരു അഡ്മിൻ പാനലാണെന്നും അതിലൊരു വ്യക്തിക്ക് സംഭവിച്ച പിഴവായിരുന്നു ആദ്യത്തെ ഫേസ്ബുക്ക് പോസ്റ്റ് എന്നുമായിരുന്നു തുഷാറിന്റെ വിശദീകരണം.
ബിഡിജെഎസ് എന്നും എൻഡിഎ മുന്നണിയുടെ അവിഭാജ്യ ഘടകമാണ്. അതിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. കോന്നിയിലുൾപ്പെടെ എൻഡിഎയ്ക്കുണ്ടായ വോട്ട് വർധന ശുഭസൂചന തന്നെയാണെന്നും തുഷാർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.
Discussion about this post