കോഴിക്കോട്: എംഎല്‍എമാരെ എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായില്ലെന്ന സൂചനയാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് വ്യക്തമാകുന്നതെന്ന് കെ മുരളീധരന്‍ എംപി. ഉപതെരഞ്ഞെടുപ്പില്‍ പോളിങ് ശതമാനം കുറഞ്ഞതില്‍ ഉള്‍പ്പെടെ പ്രകടമായത് ഈ അതൃപ്തിയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി.
വട്ടിയൂര്‍ക്കാവ് ഉള്‍പ്പെടെയുള്ള ജനവിധികള്‍ പരിശോധിച്ചാല്‍ പല കാര്യങ്ങളും വ്യക്തമാണ്. എംഎല്‍എമാരെ രാജിവയ്പിച്ച് എംപിമാരാക്കിയത് ജനങ്ങള്‍ക്ക് ഇഷ്ടമായിട്ടില്ല. ഇനി ഒന്നര വര്‍ഷത്തേക്കായി പുതിയ ഒരാളെ എന്തിന് തെരഞ്ഞെടുക്കണം എന്ന് അവര്‍ ചിന്തിച്ചു. പോളിങ് ശതമാനം കുറഞ്ഞതിന് ഒരു കാരണം അതാണെന്നും മുരളീധരന്‍ പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ട് ചോദിച്ചെന്നും കെ മുരളീധരന്‍ ആരോപിച്ചു. വട്ടിയൂര്‍ക്കാവില്‍ സിപിഎം ജാതി പറഞ്ഞ് വോട്ടു പിടിച്ചതിന് തന്റെ പക്കല്‍ തെളിവുകളുണ്ട്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നേരിട്ടാണ് അതു ചെയ്തത്. ഈഴവ എംഎല്‍എ വേണമെന്ന് പലരോടും പറഞ്ഞു. ഇപ്പോള്‍ അതു പുറത്തുവിടുന്നില്ലെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസിനെ എതിര്‍ക്കാന്‍ ആര്‍എസ്എസിനെ കൂട്ടുപിടിക്കുകയാണ് സിപിഎം ചെയ്തതെന്നും മുരളീധരന്‍ ആരോപിച്ചു. ആര്‍എസ്എസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്കു മറിച്ചിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
Discussion about this post