ആലപ്പുഴ: ഷാനിമോള്‍ ഉസ്മാന് എതിരെയുള്ള തന്റെ പൂതന പരാമര്‍ശം കൊണ്ട് അരൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മനുവിന് ഒരു വോട്ടും നഷ്ടമായിട്ടില്ലെന്ന് മന്ത്രി ജി സുധാകരന്. ഈ പ്രചാരണം കൊണ്ട് ഷാനിമോള്‍ ഉസ്മാന് നാലുവോട്ടുകള്‍ നഷ്ടമായിട്ടുണ്ടാവാമെന്നും, അരൂരിലെ തോല്‍വിയുടെ ഉത്തരവാദിത്തം തന്റെ മേല്‍കെട്ടിവെക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും ജി സുധാകരന് കൂട്ടിച്ചേര്‍ത്തു.
സിംപതി കൊണ്ടാണ് ജയിച്ചതെങ്കില്‍ ഷാനിമോളുടെ ഭൂരിപക്ഷം ഇതുപോരായിരുന്നു. നിരങ്ങിയാണ് ഷാനിമോള്‍ അരൂരില്‍ ജയിച്ചതെന്നും സുധാകരന് പറഞ്ഞു. ബിജെപി വോട്ടുകളും ഷാനിമോള്‍ ഉസ്മാന് ലഭിച്ചു. പതിനായിരത്തലധികം വോട്ടുകളാണ് ബിജെപിക്കാര്‍ യുഡിഎഫിന് നല്‍കിയതെന്നും സുധാകരന് ആരോപിച്ചു.
കടപ്പുറത്തെയും കായലോരത്തെയും വോട്ട് ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു. ഇത് പാര്‍ട്ടി സൂക്ഷ്മമായി പരിശോധിക്കണം. അവിടങ്ങളില്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകളാണ് നഷ്ടമായത്. സീറ്റ് നഷ്ടപ്പെട്ടതില്‍ സങ്കടമുണ്ടെന്നും സുധാകരന് വ്യക്തമാക്കി.
സമുദാസംഘടനകള്‍ക്ക് അവരവരുടെ നിലപാടുകള്‍ സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അതിരുവിട്ട നിലപാട് സ്വീകരിച്ചാല്‍ മറ്റുസമുദായങ്ങള്ക്ക് അത് ഇഷ്ടപ്പെടില്ല. അതാണ് കേരളത്തിന്റെ മനസ്സ്. അത് ഈ ഉപതെരഞ്ഞെടുപ്പിലും ഉണ്ടായെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.