തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി നേരിട്ട കനത്ത പരാജയത്തെ കുറിച്ച് പ്രതികരിച്ച് മുൻഡിജിപി ടിപി സെൻകുമാർ. സ്ഥാനാർത്ഥി നിർണയത്തിന്റെ കാലതാമസത്തെ പഴിക്കുന്നതായിരുന്നു ടിപി സെൻകുമാറിന്റെ പ്രതികരണം. വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ വൈകിയത് ബിജെപിക്കേറ്റ തിരിച്ചടിക്ക് കാരണമെന്ന് സെൻകുമാർ പ്രതികരിച്ചു. ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാകില്ലെന്നും സെൻകുമാർ പറഞ്ഞു.
‘ശബരിമല പോലൊരു പ്രശ്നം ഉപയോഗിച്ച് എന്നും തെരഞ്ഞെടുപ്പിനെ നേരിടാൻ ആർക്കുമാകില്ല. കോന്നിയിൽ ശബരിമല ഘടകമായതുകൊണ്ടാണ് സുരേന്ദ്രന്റെ വോട്ടിൽ വലിയ കുറവ് വരാതിരുന്നത്. പോളിങ് ശതമാനം കുറഞ്ഞതിനനുസരിച്ച് ബിജെപിക്ക് വോട്ടു കുറഞ്ഞു എന്നതിനപ്പുറം വലിയ വോട്ട് ചോർച്ച ബിജെപിക്ക് കോന്നിയിൽ ഉണ്ടായില്ല’, എന്നും സെൻകുമാർ സ്വകാര്യ ചാനലിലെ ചർച്ചയ്ക്കിടെ പറഞ്ഞു.
80 ശതമാനത്തിന് മുകളിൽ ഹിന്ദു വോട്ടുകളുളള വട്ടിയൂർക്കാവ് മണ്ഡലത്തിൽ 40 ശതമാനം നായർ വിഭാഗത്തിന്റേത് അല്ലാത്ത വോട്ടുമുണ്ട്. എൻഎസ്എസിന്റെ ആളുകൾ ഒരു സ്ഥാനാർത്ഥിക്ക് വോട്ട് പിടിക്കാൻ ശ്രമിച്ചാൽ മറുഭാഗത്ത് അതിന് എതിരായ ഒരു ട്രെന്റ് ഉണ്ടാകും. ഈ ട്രെന്റിനൊപ്പം നായർ വിഭാഗത്തിലെ തന്നെ ഇടതുപക്ഷ കേഡർ വോട്ടുകളും കൂടി ചേർന്നതാകാം പ്രശാന്തിന് വലിയ വിജയം സമ്മാനിച്ചതെന്നും സെൻകുമാർ അഭിപ്രായപ്പെട്ടു.
ബിജെപി മഞ്ചേശ്വരത്ത് നേരിയ വോട്ടുകൾക്ക് മുന്നേറി രണ്ടാം സ്ഥാനത്തെത്തി എന്നതൊഴിച്ചാൽ ബാക്കി നാലിടത്തും ബിജെപിക്ക് വലിയ വോട്ട് ചോർച്ചയാണ് ഉണ്ടായിരിക്കുന്നത്. ബിജെപി വിജയം പ്രതീക്ഷിച്ചിരുന്ന വട്ടിയൂർക്കാവിലും കോന്നിയിലും പാർട്ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
Discussion about this post