കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമ്മാണത്തിൽ അഴിമതി കാണിച്ച സംഭവത്തിൽ മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞും അന്വേഷണ പരിധിയിൽ ഉൾപ്പെടുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. നിർമ്മാണ കരാറുകാരന് ചട്ടം ലംഘിച്ച് തുക നൽകിയെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇബ്രാഹിം കുഞ്ഞിനെയും അന്വേഷണ പരിധിയിൽ പെടുത്തുന്നത്. വിജിലൻസ് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2018ലെ അഴിമതി നിരോധന നിയമത്തിലെ ഭേദഗതി പ്രകാരം മുൻ മന്ത്രിക്കെതിരെ അന്വേഷണം നടത്താൻ സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഇതനുസരിച്ച് സർക്കാരിന്റെ അനുമതി തേടിയിട്ടുണ്ടെന്നും വിജിലൻസ് കോടതിയിൽ വ്യക്തമാക്കി.
മൊബിലൈസേഷൻ അഡ്വാൻസ് ആയി കരാറുകാർക്ക് അനുവദിച്ചതിൽ മന്ത്രിക്ക് പങ്കുണ്ടെന്നാണ് വിജിലൻസ് സംശയം. അഴിമതി നിരോധന നിയമത്തിലെ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അനുമതി തേടിയത്. എട്ടേകാൽ കോടി മുൻകൂറായി അനുവദിച്ച് ഉത്തരവിറക്കിയതിലാണ് മന്ത്രിക്കെതിരായി അന്വേഷണം.
മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് അടക്കമുള്ള മറ്റു പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് വിജിലൻസ് കോടതിയിൽ ആവശ്യപ്പെട്ടു. മുൻ മന്ത്രിക്കെതിരായി അന്വേഷണം നടക്കുമ്പോൾ മറ്റു പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
Discussion about this post