തിരുവനന്തപുരം: വട്ടിയൂർക്കാവിലെ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനോട് കലഹിച്ചും ആക്ഷേപമുന്നയിച്ചും മുതിർന്ന നേതാവ് എൻ പീതാംബര കുറുപ്പ്. വട്ടിയൂർക്കാവ് മണ്ഡലം മാർക്സിസ്റ്റ് പാർട്ടിയ്ക്ക് കോൺഗ്രസ് അടിയറ വെച്ചു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാർട്ടിയിൽ പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും ആ കാലമൊക്കെ കഴിഞ്ഞത് പാർട്ടിക്കാർ ഓർക്കണമെന്നും പീതാംബര കുറുപ്പ് തുറന്നടിച്ചു. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ ആദ്യം ഉയർന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്.
എന്നാൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ എതിർപ്പിനെ തുടർന്ന് അദ്ദേഹത്തെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോൾ കോൺഗ്രസിന് വന്നിരിക്കുന്നത്. താൻ രാജാവാണെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളിലും ഇരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്ന് മനസിലാക്കണം.
സ്ഥാനാർത്ഥിയായി തന്റെ പേര് ആദ്യം പറഞ്ഞതിന് പിന്നാലെ ഡൽഹിയിൽ നിന്നടക്കം പല നേതാക്കളും അഭിനന്ദനം അറിയിച്ചിരുന്നു. പക്ഷേ തനിക്കറിയാമായിരുന്നു ഈ കോൺഗ്രസ് പാർട്ടി ഇതൊക്കെ എവിടെയെങ്കിലും കൊണ്ടുപോയി ഒതുക്കുമെന്ന കാര്യം. എനിക്ക് മുമ്പേ പോയവരേയും പിറകേ വന്നവരേയും ഒതുക്കുന്നത് കണ്ടിട്ടുള്ളയാളാണ് താനെന്നും പീതാംബര കുറുപ്പ് കുറ്റപ്പെടുത്തി.
തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്വം എന്താണെന്ന് തിരിച്ചറിഞ്ഞ് ഉത്സാഹിച്ച് പ്രവർത്തകരെ രംഗത്തിറക്കാൻ പാർട്ടിക്ക് പറ്റിയില്ല. അതാണ് സത്യത്തിലുണ്ടായത്. അല്ലാതെ സുകുമാരൻ നായരുടേയും മറ്റുള്ളവരുടേയും പ്രസ്താവനയിൽ പഴിചാരി രക്ഷപ്പെടാൻ പാർട്ടിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post