തിരൂർ: താനൂരിൽ സംഘർഷത്തിനിടെ യുവാവ് വെട്ടേറ്റ് മരിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുടിയിൽ ഉണ്ടായ സംഘർഷത്തിൽ പുതിയ കടപ്പുറം സ്വദേശി കുപ്പന്റെ പുരയ്ക്കൽ ഇസ്ഹാഖ് (35) ആണു മരിച്ചത്. വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം.
ആയുധങ്ങളുമായെത്തി സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഗുരുതര പരുക്കുകളോടെ ഇസ്ഹാഖിനെ തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മുസ്ലിം ലീഗ് പ്രവർത്തകനാണ് മരിച്ച ഇസ്ഹാഖ്.
ആക്രമണത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്നും പ്രതികളെ ഉടൻ പിടികൂടണമെന്നും ലീഗ് നിയോജക മണ്ഡലം നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, കൊലപാതകത്തിൽ സിപിഎമ്മിനു പങ്കില്ലെന്നും വ്യക്തിപരമായ പ്രശ്നങ്ങളും മുൻവൈരാഗ്യവുമാണ് കൊലയ്ക്ക് പിന്നിലെന്നു സംശയിക്കുന്നതായും സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് പ്രതികരിച്ചു. തീരദേശമേഖലയിൽ സംഘർഷം നിയന്ത്രിക്കാനും സമാധാന അന്തരീക്ഷം നിലനിർത്താനും സിപിഎമ്മും മുസ്ലിം ലീഗും നടത്തുന്ന കൂട്ടായ ശ്രമങ്ങൾക്കു സംഭവം തടസ്സമാകരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സംഭവത്തെ തുടർന്ന് താനൂർ മേഖലയിൽ കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. പൊന്നാനി, തവനൂർ, തിരൂർ, താനൂർ, പരപ്പനങ്ങാടി, വള്ളിക്കുന്ന് നിയോജക മണ്ഡലങ്ങളിൽ ഇന്ന് രാവിലെ 6 മുതൽ ഹർത്താൽ ആചരിക്കുകയാണ് മുസ്ലിം ലീഗ്. വൈകിട്ട് 6 വരെയാണ് ഹർത്താലെന്ന് മുസ്ലിം ലീഗ് അറിയിച്ചു.
Discussion about this post