തിരുവനന്തപുരം: കാസര്‍കോട് പെരിയ ഇരട്ട കൊലപാതകക്കേസ് സിബിഐ അന്വേഷിക്കും. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവുണ്ടായിട്ടും കേസ് സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് ഫയല്‍ സിബിഐക്ക് കൈമാറിയത്.
തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് പെരിയ ഇരട്ട കൊലപാതകക്കേസിന്റെ അന്വേഷണ ചുമതല. കേസിലെ ഉന്നതതല ഗൂഡാലോചന കണ്ടെത്തണമെന്നാവശ്യപ്പെട്ടാണ് കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ അച്ഛന്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് സിബിഐ അന്വേഷിക്കാന്‍ ഉത്തരവ് ഉണ്ടായിട്ടും കേസ് കൈമാറാത്തതില്‍ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കോടതി ഉത്തരവുകള്‍ നടപ്പാക്കേണ്ട ബാധ്യത സംസ്ഥാന സര്‍ക്കാരിനും കേരള പോലീസിനുമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണ ചുമതല സിബിഐക്ക് കൈമാറാതെ വന്നതോടെ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കള്‍ കോടതീയലക്ഷ്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസ് സിബിഐക്ക് കൈമാറാന്‍ വൈകുന്നത് തെളിവുകള്‍ ഇല്ലാതാക്കാന്‍ ആണെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഉടനടി കേസ് ഡയറി കൈമാറണമെന്നാണ് ഇതു സംബന്ധിച്ച ഉത്തരവില്‍ പറഞ്ഞിട്ടുള്ളത്.