മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്ന് തെളിഞ്ഞെന്നു മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: അഞ്ചിടത്ത് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ വിജയം സർക്കാരിന്റെ ജനകീയ അടിത്തറയും പിന്തുണയും വർധിച്ചെന്നു തെളിയിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ അധികാരത്തിൽ വരുമ്പോൾ 91 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 93 ആയി. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വോട്ടു വർധിച്ചു. ഉപതെരഞ്ഞെടുപ്പുകളെയും ലോക്‌സഭ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച് വോട്ടു കൂടി. ഇത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ജനം നൽകുന്ന ഉറച്ച പിന്തുണയുടെ തെളിവാണെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ജയം സമ്മാനിച്ച വോട്ടർമാർക്ക് മുഖ്യമന്ത്രി നന്ദിയും അറിയിച്ചു.

സംസ്ഥാനത്ത് ജാതി മത സങ്കുചിത ശക്തികൾക്ക് സംസ്ഥാനത്തു വേരോട്ടമില്ലെന്നു തെളിഞ്ഞതായും ഒരു വേർതിരിവിനും സ്ഥാനമില്ലെന്നും തെരഞ്ഞെടുപ്പിലൂടെ വ്യക്തമായതായി മുഖ്യമന്ത്രി വിശദമാക്കി. എൻഎസ്എസ് നിലപാട് ജനം ഗൗരവമായി എടുത്തില്ല. മുണ്ടിന്റെ കോന്തലയിൽ കെട്ടിയിടാവുന്നവരല്ല ജനങ്ങളെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.

ആ ശക്തികൾക്കു നേരെ മതനിരപേക്ഷ ശക്തികൾ വിജയം നേടി. വർഗീയതയുടെ വിഷ വിത്ത് കേരളത്തിന്റെ മണ്ണിൽ വളരില്ല എന്നും തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. വിജയം ഭാരിച്ച ഉത്തരവാദിത്തം ഏൽപിക്കുന്നു എന്ന തിരിച്ചറിവുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ ശ്രമിക്കും. അരൂരിലെ പരാജയത്തിന്റെ സാഹചര്യം വിശദമായി പരിശോധിക്കും.

പുതിയ ആളുകൾ എൽഡിഎഫിനൊപ്പം വരുന്നതു തടയാൻ യുഡിഎഫ് നടത്തിയ ശ്രമം പാളിയെന്നും യുഡിഎഫിന്റെ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷതയുടെ കരുത്താണ് ജനവിധിയിലൂടെ തെളിഞ്ഞതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Exit mobile version