കൊച്ചി: കോന്നി ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മികച്ച മുന്നേറ്റമാണ് നടത്തിയതെന്ന് കോന്നിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പില്‍ പതിനാറായിരം വോട്ട് നേടിയ മണ്ഡലത്തില്‍ ഇത്തവണ നാല്പതിനായിരം വോട്ടുകള്‍ എന്‍ഡിഎ നേടിയെന്നും കെ സുരേന്ദ്രന് അവകാശപ്പെട്ടു.
ലോക്സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇത്തവണ രണ്ട് ശതമാനം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ഉണ്ടായതെന്നും കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
സര്‍ക്കാര്‍ മിഷനറികള് പൂര്‍ണ്ണമായും ഉപയോഗിച്ചാണ് എല്‍ഡിഎഫ് പ്രചരണം നടത്തിയത്. എല്‍ഡിഎഫും യുഡിഎഫും ജാതിതിരിച്ചുളള പ്രചാരണമാണ് നടത്തിയത്. പച്ചയായി ജാതിതിരിച്ചുളള പ്രചാരണം കേരള തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണെന്നും സുരേന്ദ്രന് പറഞ്ഞു.
ബിജെപിയെ ഭിന്നിപ്പിക്കാനും, സമൂഹത്തില്‍ അനൈക്യം ഉണ്ടാക്കാനും, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം നടന്നു. എന്നാല്‍ ജനങ്ങള്‍ ഇത് തളളിക്കളഞ്ഞു എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും കെ സുരേന്ദ്രന് പറഞ്ഞു.
സാമുദായികമായി ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമം ജനങ്ങള്‍ അംഗീകരിച്ചില്ല. സാമുദായിക വോട്ടുകള്‍ ഇത്തവണയും എന്‍ഡിഎയ്ക്ക് ലഭിച്ചു. ഓര്‍ത്തഡോക്സ് സഭയുടെ പിന്തുണ ലഭിച്ചുവെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
ജാതീയമായ ഭിന്നിപ്പുകള്‍ക്ക് ശ്രമിച്ചപ്പോള്‍ രാഷ്ട്രീയം പറഞ്ഞാണ് എന്‍ഡിഎ പ്രചാരണം നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ഉയര്‍ത്തിക്കാണിച്ചാണ് വോട്ടുതേടിയതെന്നും കെ സുരേന്ദ്രന് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും നന്ദി പറയുന്നതായും കെ സുരേന്ദ്രന് ഫേസ്ബുക്ക് വീഡിയോയില്‍ പറഞ്ഞു.
Discussion about this post