തിരുവനന്തപുരം: കുമ്മനം രാജശേഖരന്റെ സ്ഥാനാർത്ഥിത്വത്തിന് വേണ്ടി പാർട്ടിയിലെ ഒരു വിഭാഗവും ആർഎസ്എസും രംഗത്ത് വന്നെങ്കിലും അതെല്ലാം അവഗണിച്ച് എസ് സുരേഷിനെ സ്ഥാനാർത്ഥിയാക്കിയ ബിജെപിക്കുള്ള മറുപടിയ കൂടിയായിരുന്നു വട്ടിയൂർക്കാവിലെ പരാജയം. 2016ൽ മൂന്നാം സ്ഥാനത്ത് നിന്നിരുന്ന എൽഡിഎഫ് ഇത്തവണ അട്ടിമറി വിജയമാണ് സ്വന്തമാക്കിയതെന്ന് പറയാം. 14465 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വട്ടിയൂർക്കാവ് എൽഡിഎഫിന്റെ വികെ പ്രശാന്തിനെ തെരഞ്ഞെടുത്തത്. അത് ബിജെപിയുടെ അഹങ്കാരത്തിനും യുഡിഎഫിന്റെ തമ്മിൽ തല്ലിനും ലഭിച്ച പ്രഹരമാണെന്ന് പറയാം.
സ്ഥാനാർത്ഥിത്വത്തിൽ നിന്നും കുമ്മനം രാജശേഖരനെ ബിജെപി ഒഴിവാക്കിയതോടെ മണ്ഡലത്തിൽനിന്ന് പാർട്ടിയെയും ജനങ്ങൾ കൈയ്യൊഴിഞ്ഞു. കുമ്മനം വരാതിരുന്നതോടെ പാർട്ടി പ്രവർത്തകർക്ക് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ വേണ്ടത്ര ആവേശമുണ്ടായിരുന്നില്ല. 2016-ൽ പാർട്ടി വോട്ടുകൾക്കു പുറമേ കുമ്മനത്തിനു വ്യക്തിപരമായി കിട്ടിയ വോട്ടും മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തെത്തുന്നതിൽ നിർണായകമായിരുന്നു.
സ്ഥാനാർത്ഥി നിർണയത്തിൽ അപാകതയുണ്ടെന്നു ഒ രാജഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ നേരത്തെ ചൂണ്ടിക്കാട്ടിയത് ശരിവയ്ക്കുന്നതായി ഇത്തവണത്തെ ഫലം. കുമ്മനം നേടിയ 43,700 വോട്ടുകൾ 27,425 ലേക്ക് കുറഞ്ഞു. ചോർന്നത് പതിനാറായിരത്തിൽപരം വോട്ടുകൾ. ഇത് ചെറിയൊരു ചോർച്ചയല്ലാത്തതിനാൽ അടയ്ക്കാൻ എൻഡിഎയ്ക്ക് ഏറെ പരിശ്രമം വേണ്ടി വന്നേക്കാം.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 51,322 വോട്ടുകൾ നേടിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന് 43,700 വോട്ടുകളും സിപിഎം സ്ഥാനാർത്ഥി ടിഎൻ സീമയ്ക്ക് 40,441 വോട്ടുകളുമാണ് ലഭിച്ചത്. മണ്ഡലത്തിന്റെ ചരിത്രത്തിൽ ബിജെപി ആദ്യമായാണ് രണ്ടാം സ്ഥാനത്തെത്തിയത്. 2011ൽ ബിജെപി സ്ഥാനാർത്ഥി വിവി രാജേഷ് നേടിയ 13,494 വോട്ടുകളേക്കാൾ 30,206 വോട്ടുകളാണ് കുമ്മനം അധികമായി നേടിയത്. അതിൽ വലിയൊരു പങ്കും ഇത്തവണ ചോർന്നു.
വിജയമൊന്നും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ഇത്രയും വലിയ വോട്ട് ചോർച്ചയും തോൽവിയും ബിജെപി നേതൃത്വവും പ്രതീക്ഷിച്ചിരുന്നില്ല. ഫലം വരുന്നതിനു മുൻപ് പുറത്തുവന്ന മുതിർന്ന നേതാവ് ഒ രാജഗോപാല് വോട്ട് ചോർച്ചയെ കുറിച്ച് പറയായതെ പറയുകയും ചെയ്തു. ബിജെപിക്കു പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്നായിരുന്നു കുമ്മനത്തെ സ്ഥാനാർത്ഥിയാക്കാൻ മുന്നിൽനിന്ന ഒ രാജഗോപാലിന്റെ പ്രതികരണം.
കുമ്മനത്തെ പിന്തുണയ്ക്കുന്ന, സ്ഥാനാർത്ഥി എസ് സുരേഷിനോട് വേണ്ട താൽപര്യമില്ലാത്ത ആർഎസ്എസ് നിലപാടും വോട്ടു കുറയുന്നതിനു കാരണമായതായാണ് പാർട്ടിയുടെ വിലയിരുത്തൽ. ആർഎസ്എസ് പ്രചാരണ രംഗത്ത് സജീവമാകാതിരുന്നതോടെ വോട്ടു ചോർച്ചയ്ക്ക് വേഗം കൂടി. പാർട്ടിക്ക് ലഭിക്കേണ്ട എൻഎസ്എസ് വോട്ടുകളും ലഭിച്ചില്ല. മുതിർന്ന പ്രചാരകനായ കുമ്മനത്തോടുള്ള സംഘത്തിന്റെ പ്രതിപത്തി സുരേഷിനോടുണ്ടായില്ല.