തിരുവനന്തപുരം: സംസ്ഥാനത്ത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി ബിജെപിയുടെ റോഡ് ഉപരോധം. ഇന്നലെ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിച്ചതിന് പിന്നാലെ രണ്ടാം ദിവസം ജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് ബിജെപിയുടെ ഉപരോധം. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചു കൊണ്ടാണ് ജനങ്ങളെ ഇന്നും വലച്ചത്.
കൊച്ചി-സേലം ദേശീയപാതയില്‍ എറണാകുളം വൈറ്റിലയിലും കോട്ടയം ജില്ലയില്‍ കൊല്ലം-തേനി ദേശീയപാതയില്‍ വിവിധ സ്ഥലങ്ങളിലും വാഹനങ്ങള്‍ ഉപരോധിച്ചു.
പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലാണ് കോട്ടയത്ത് ഉപരോധം നടക്കുന്നത്. കോഴിക്കോട് പാളയത്തും തിരുവനന്തപുരത്ത് അഞ്ചിടങ്ങളിലും ഉപരോധമുണ്ട്.
വൈറ്റിലയിലെ ഉപരോധത്തിനിടെ പോലീസും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ നേരിയ വാക്കേറ്റമുണ്ടായി. ദേശീയപാതയിലെ ഗതാഗതം മുഴുവനായും തടയാനുള്ള ശ്രമം ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത് പോലീസ് തടഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താല്‍ അറിയാതെ നിരത്തിലിറങ്ങിയ വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലേറിഞ്ഞിരുന്നു.
വയനാട്ടില്‍ പോലീസ് അകമ്പടിയില്‍ എത്തിയ കെഎസ്ആര്‍ടിസി വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. വിവിധയിടങ്ങളില്‍ നിന്ന് എത്തി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ കുടുങ്ങിയവരുമായി യാത്ര തിരിച്ച അഞ്ച് കെഎസ്ആര്‍ടിസി ബസുകളാണ് ബത്തേരിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞത്.
കൂടാതെ, പ്രതിഷേധക്കാര്‍ മുക്കത്ത് വാഹനങ്ങള്‍ തടഞ്ഞ് പ്രകോപനം സൃഷ്ടിച്ചിരുന്നു. ബിജെപി പ്രവര്‍ത്തകരുടേയും ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് വാഹനങ്ങള്‍ തടഞ്ഞത്.
ദേശീയപാതയിലടക്കം ഇരുചക്ര വാഹനമുള്‍പ്പെടെയുള്ള സ്വകാര്യ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. അര്‍ധരാത്രിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ജനങ്ങളെ ഏറെ വലച്ചിരുന്നു. ദീര്‍ഘദൂരയാത്രക്കാര്‍ പലയിടങ്ങളിലുമായി ഭക്ഷണവും വെള്ളവും പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാവാതെ കുടുങ്ങി. തീര്‍ത്ഥാടനത്തിന് പോയ നിരവധി അയ്യപ്പ ഭക്തരും ഹര്‍ത്താലില്‍ വലഞ്ഞു.
Discussion about this post