മുഖ്യമന്ത്രിയാണ് ശരി, അഭിമാനം തോന്നുന്നു; 2021ലും കേരളം എല്‍ഡിഎഫിനൊപ്പമാകും, അഭിനന്ദനവുമായി ശാരദക്കുട്ടി, കുറിപ്പ്

ജാതിയും മതവും വര്‍ഗ്ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അതു തന്നെയാണ് ശരിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു

തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലും കോന്നിയിലും ചരിത്ര വിജയം നേടിയതിനു പിന്നാലെ മുഖ്യമന്ത്രിയെ അഭിനന്ദിച്ച് എഴുത്തുകാരി ശാരദക്കുട്ടി. ഫേസ്ബുക്കിലൂടെയാണ് അവര്‍ അഭിനന്ദനം അറിയിച്ചത്. ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നതെന്നാണ് ശാരദക്കുട്ടി കുറിച്ചത്.

ജാതിയും മതവും വര്‍ഗ്ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അതു തന്നെയാണ് ശരിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവും കോന്നിയും പറയുന്നത് അതാണെന്നും ശാരദക്കുട്ടി കുറിച്ചു. കൂടാതെ വിജയിച്ചു കയറിയ വികെ പ്രശാന്തിനും ജനീഷ് കുമാറിനും അവര്‍ അഭിനന്ദനം അറിയിച്ചു.

ആകുന്ന വിധത്തിലെല്ലാം സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യമെന്നും ശാരദക്കുട്ടി വ്യക്തമാക്കി. യുഡിഎഫിന്റെ തിളക്കം കുറഞ്ഞ ലീഡുകള്‍, കഷ്ടിച്ചുള്ള കടന്നുകൂടലുകള്‍ 2021 ല്‍ കേരളം എല്‍ഡിഎഫിനൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണെന്നും പാലായും വട്ടിയൂര്‍ക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണെന്നും ശാരദക്കുട്ടി പറഞ്ഞു. ആഹ്ലാദത്തില്‍ പങ്കുചേരുന്നതായും അവര്‍ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍, ആ നിലപാടുകളോട് എത്ര ആദരവാണ്, അഭിമാനമാണ് ഈ സമയത്ത് തോന്നുന്നത്. ജാതിയും മതവും വര്‍ഗ്ഗീയതയുമല്ല, അവയ്‌ക്കെതിരെ നിലപാടുകളെടുത്ത മുഖ്യമന്ത്രിയാണ് ശരിയെന്ന് വലിയൊരു ഭൂരിപക്ഷം ജനങ്ങള്‍ ഉറപ്പിച്ചു പറയുമ്പോള്‍ അതു തന്നെയാണ് ശരി. വട്ടിയൂര്‍ക്കാവും കോന്നിയും പറയുന്നത് അതാണ്. ഏതു കാലഘട്ടത്തിലും ജയിക്കുമെന്നുറപ്പിച്ചിരുന്ന യു ഡി എഫിന്റെ ശക്തികേന്ദ്രങ്ങളാണ് ഇതു രണ്ടും.

വി കെ പ്രശാന്തിനും ജനീഷ് കുമാറിനും അഭിനന്ദനങ്ങള്‍. ആകുന്ന വിധത്തിലെല്ലാം സര്‍ക്കാരിന്റെ നേട്ടങ്ങളെ മറച്ചുവെക്കുവാനും നിലപാടുകളെ വളച്ചൊടിക്കുവാനുമുള്ള മാധ്യമങ്ങളുടെ കഠിന പരിശ്രമങ്ങള്‍ക്കിടയിലും ജനങ്ങള്‍ വസ്തുതകള്‍ തിരിച്ചറിയുന്നുവെന്നതാണ് ജനാധിപത്യത്തിന്റെ സത്യം.

യു ഡി എഫിന്റെ തിളക്കം കുറഞ്ഞ ലീഡുകള്‍, കഷ്ടിച്ചുള്ള കടന്നുകൂടലുകള്‍ 2021 ല്‍ കേരളം LDF നൊപ്പമാകുമെന്ന പ്രത്യാശ പകരുന്നതാണ്. പാലായും വട്ടിയൂര്‍ക്കാവും കോന്നിയും പ്രവചിക്കുന്നത് അതാണ്. ആഹ്ലാദത്തില്‍ പങ്കുചേരുന്നു. വിജയം നല്‍കിയ സന്ദര്‍ഭങ്ങളെ ഔചിത്യത്തോടെയും ആത്മസംയമനത്തോടെയും വിവേക ബുദ്ധിയോടെയും ഉപയോഗിച്ചു കൊണ്ട് 2021 നെ നേരിടുവാനാണ് ഇടതുപക്ഷം ഇനി തയ്യാറെടുക്കേണ്ടത്.

എസ്.ശാരദക്കുട്ടി
24.10.2019

Exit mobile version