പത്തനംതിട്ട: യുഡിഎഫ് സിറ്റിങ് സീറ്റായ കോന്നിയിലേക്ക് 23 വർഷത്തിനു ശേഷം പുതിയ എംഎൽഎയുടെ രംഗപ്രവേശം. ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെയു ജനീഷ് കുമാർ 10031 വോട്ടിന്റെ ഭൂരിപക്ഷത്തിന് വൻവിജയം സ്വന്തമാക്കി. ഇതോടെ, 1996 മുതൽ യുഡിഎഫ് കോട്ടയായി കൊണ്ടുനടന്നിരുന്ന കോന്നി അവരുടെ കൈകളിൽ നിന്നും വഴുതി പോയിരിക്കുകയാണ്.
യുഡിഎഫ് വലിയ ലീഡ് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നും നടന്നില്ല. അതേസമയം എൽഡിഎഫ് ലീഡ് പ്രതീക്ഷിച്ച ബൂത്തുകളിൽ പ്രതീക്ഷയ്ക്കപ്പുറം വലിയ ലീഡ് തന്നെ അവർക്ക് പിടിക്കാൻ സാധിക്കുകയും ചെയ്തു. താൻ നിർദേശിച്ച റോബിൻ പീറ്ററെ മത്സരിപ്പിക്കാതെ മുൻഡിസിസി അധ്യക്ഷനായ മോഹൻരാജിനെ കോന്നിയിൽ ഇറക്കിയതിൽ അടൂർ പ്രകാശും അനുയായികളും കാണിച്ച അതൃപ്തി വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന് തന്നെയാണ് ഡിസിസി നേതൃത്വം ഉറച്ചുവിശ്വസിക്കുന്നത്. അടൂർ പ്രകാശ് കാലുവാരിയെന്ന് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോയ ബാബു ജോർജ് പ്രതികരിക്കുകയും ചെയ്തു.
ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് ശക്തമായ ഇടപെട്ട മണ്ഡലങ്ങളാണ് വട്ടിയൂർക്കാവും കോന്നിയും. എങ്കിലും ഇതൊന്നും യുഡിഎഫിനെ രക്ഷിച്ചില്ല. ഈ സീറ്റുകളിൽ എൽഡിഎഫ് നേടിയ വൻവിജയം എൻഎസ്എസിനും കടുത്ത അടിയായി മാറും. ഉപതെരഞ്ഞെടുപ്പിൽ ശബരിമല ഏറ്റവും സജീവമായി ചർച്ച ചെയ്ത മണ്ഡലങ്ങളിലൊന്നാണ് കോന്നി. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ നടന്ന പ്രധാനപ്പെട്ട തെരഞ്ഞെടുപ്പിൽ നിർണായകവിജയം നേടാനായത് എൽഡിഎഫിന് ആശ്വാസവും ആത്മവിശ്വാസവും നൽകും.
Discussion about this post