കോഴിക്കോട്: വിവാഹത്തിന് ശേഷം ഭക്ഷണം കഴിച്ച് ഹാളില്‍ നിന്ന് ഒളിച്ചോടിയ വധുവിനെയും കാമുകനെയും പിടികൂടി. കാമുകന്റെ കൂട്ടാളികളെയും പിടികൂടിയിട്ടുണ്ട്. ഇവരെ റിമാന്‍ഡ് ചെയ്തു. വിശ്വാസവഞ്ചന, ഗൂഢാലോചന, ചതി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തില്‍ കസബ പോലീസ് കേസെടുത്തത്. ഇതേ തുടര്‍ന്നാണ് ജുഡീഷ്യല്‍ ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ്(മൂന്ന്) ഇവരെ റിമാന്‍ഡ് ചെയ്തത്.
വധു, കാമുകന്‍, കാമുകന്റെ ജ്യേഷ്ഠന്‍, ജ്യേഷ്ഠന്റെ ഭാര്യ, കാര്‍ഡ്രൈവര്‍ എന്നിവര്‍ക്കെതിരേയാണ് നവവരന്‍ പരാതി നല്‍കിയത്. ഇതില്‍ ജ്യേഷ്ഠന്റെ ഭാര്യയെ റിമാന്‍ഡ് ചെയ്തില്ല. ആരോഗ്യകാരണത്താല്‍ ആണ് ഇവരെ റിമാന്‍ഡ് ചെയ്യാതിരുന്നത്. ഞായറാഴ്ച കോഴിക്കോട് നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. വിവാഹനിശ്ചയം ഏപ്രിലില്‍ നടന്നതാണെന്നും വിവാഹത്തില്‍ നിന്നു പിന്‍മാറാനും മറ്റൊരാളോടൊപ്പം പോകാനും ഇതിനിടെയുള്ള ആറുമാസം ഉണ്ടായിരുന്നെന്നും നവവരന്‍ പരാതിയില്‍ പറയുന്നു.
വിവാഹനിശ്ചയസമയത്തു നല്‍കിയ രണ്ടുപവന്റെ വളയും ഞായറാഴ്ച കെട്ടിയ മൂന്നരപ്പവന്റെ താലിമാലയും ഉള്‍പ്പെടെ എടുത്തായിരുന്നു വധു കാമുകന്റെ ഒപ്പം പോയത്. വിവാഹദിവസം പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുള്ള സദ്യയൊരുക്കിയിരുന്നു. വരന്റെ വീട്ടിലേക്കു പോകാനായി വസ്ത്രം മാറാന്‍പോയ വധു സുഹൃത്തായ യുവതിക്കൊപ്പം കടന്നു കളയുകയായിരുന്നു.