തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈയ്യിലിരുന്ന സീറ്റുകൾ വിട്ടുപോയതോടെ പരസ്പരം പഴിചാരിയും കുറ്റപ്പെടുത്തിയും കോൺഗ്രസ് നേതാക്കൾ രംഗത്ത്. സിറ്റിങ് സീറ്റായ വട്ടിയൂർക്കാവിൽ എൽഡിഎഫ് സ്ഥാനാർത്ഥി വികെ പ്രശാന്ത് അട്ടിമറി വിജയം ഉറപ്പിച്ചതും ഉറച്ച സീറ്റായിരുന്ന കോന്നിയിൽ യുഡിഎഫിന്റെ മോഹൻരാജിനെ ബഹുദൂരം പിന്നിലാക്കി എൽഡിഎഫിന്റെ കെയു ജനീഷ് കുമാർ 4700ന് മുകളിൽ വോട്ടുകൾക്ക് ലീഡ് നേടിയതും യുഡിഎഫിന് കനത്ത പ്രഹരമായി.
അതേസമയം, കോന്നിയിൽ എൽഡിഎഫ് ലീഡ് നേടി മുന്നേറുമ്പോൾ മോഹൻരാജിന്റെ വോട്ട് എണ്ണി തീരും മുമ്പെ പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്നും ഇറങ്ങിപ്പോയി. മോഹൻരാജിന്റെ കാലുവാരിയെന്ന് ആരോപിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
അതേസമയം, പ്രതീക്ഷിച്ച വോട്ടുകൾ ഒരു മണ്ഡലത്തിലും നിലനിർത്താൻ സാധിക്കാതെ വന്നതോടെ കോൺഗ്രസ് നേതൃത്വത്തിനും നേതാക്കൾക്കുമെതിരെ പരസ്യപ്രതികരണവുമായി കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താനും രംഗത്തെത്തി.
യുഡിഎഫിലെ തമ്മിലടി തിരിച്ചടിയായയെന്ന് അദ്ദേഹം പ്രതികരിച്ചു. ആരും പാർട്ടിക്കും മുന്നണിക്കും അതീതരല്ല. അങ്ങനെ പ്രവർത്തിച്ചവർക്കെതിരെ പാർട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
അതേസമയം, വട്ടിയൂർക്കാവിൽ തോൽവി സമ്മതിച്ച യുഡിഎഫ് സ്ഥാനാർത്ഥി കെ മോഹൻ കുമാർ നേരത്തെ പ്രചാരണം ആരംഭിച്ചത് വികെ പ്രശാന്തിന് ഗുണം ചെയ്തെന്നും പ്രതികരിച്ചു. എൻഎസ്എസിന്റെ പിന്തുണ മറ്റൊരു രീതിയിലാണ് വ്യാഖ്യാനിക്കപ്പെട്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
Discussion about this post