കൊച്ചി: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫ് കോട്ടകളിൽ വെന്നിക്കൊടി പാറിച്ച് എൽഡിഎഫ്. വട്ടിയൂർക്കാവിലും കോന്നിയിലും എൽഡിഎഫ് മുന്നേറുമ്പോൾ അരൂരിലും, എറണാകുളത്തും, മഞ്ചേശ്വരത്തും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. വട്ടിയൂർക്കാവിൽ 2016ൽ മൂന്നാം സ്ഥാനത്തേക്ക് പോയ എൽഡിഎഫ് ഇത്തവണ വികെ പ്രശാന്തിലൂടെ ഒരു അട്ടിമറി വിജയമാണ് പ്രതീക്ഷിക്കുന്നത്. തുടക്കം മുതൽ ലീഡ് നിലനിർത്തിയ വികെ പ്രശാന്ത് മൂന്നാം റൗണ്ട് വോട്ടെണ്ണലിൽ 4600 വോട്ടിന്റെ വ്യത്യാസത്തിലാണ് മുന്നേറുന്നത്. യുഡിഎഫ് കോട്ടകളിലും എൽഡിഎഫിന് മുന്നേറാനായി.
കോന്നിയിൽ പാളയത്തിൽ പട തലവേദനയായ യുഡിഎഫിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. യുഡിഎഫിന്റെ മോഹൻരാജിനെ പിന്നിലാക്കി എൽഡിഎഫിന്റെ കെയു ജനീഷ് കുമാർ വ്യക്തമായ ലീഡ് നേടിയാണ് മുന്നേറുന്നത്. 5000ത്തിലേറെ വോട്ടിന് മുന്നേറിയ കെയു ജനീഷ് കുമാറും അട്ടിമറി വിജയത്തിലേക്കാണ് നടന്നടുക്കുന്നത്. അതേസമയം, എൽഡിഎഫിന്റെ സിറ്റിങ് സീറ്റായ അരൂരിൽ യുഡിഎഫ് കനത്ത പോരാട്ടമാണ് കാഴ്ചവെയ്ക്കുന്നത്. യുഡിഎഫിന്റെ ഉറച്ചവോട്ട് പ്രതീക്ഷയായിരുന്ന പ്രദേശങ്ങളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെയ്ക്കാനായതോടെ ആയിരത്തിന് മുകളിൽ വോട്ടുകൾക്ക് ഷാനിമോൾ ഉസ്മാൻ എൽഡിഎഫിന്റെ മനു സി പുളിക്കലിനെ പിന്നിലാക്കിയിരിക്കുകയാണ്.
എറണാകുളത്ത് 3000ന് മുകളിൽ ലീഡ് ഉണ്ടായിരുന്ന യുഡിഎഫിന്റെ ടിജെ വിനോദിന്റെ ലീഡ് ഒരു ഘട്ടത്തിൽ 1000ത്തിലേക്ക് താഴ്ന്നു. എൽഡിഎഫിന്റെ മനു റോയി തൊട്ടുപിന്നാലെ തന്നെയുണ്ട്. മഞ്ചേശ്വരത്ത് ത്രികോണ മത്സരം പ്രതീക്ഷിച്ചിരുന്നെങ്കിലും മുസ്ലിം ലീഗിന്റെ എംസി ഖമറുദ്ധീൻ 4500ന് മുകളിൽ വോട്ടുകൾക്ക് ലീഡ് ചെയ്തുകൊണ്ട് മറ്റുമുന്നണികളെ അപ്രസക്തരാക്കി. ഉറച്ചവിജയ പ്രതീക്ഷയിൽ മുസ്ലിം ലീഗ് പ്രവർത്തകർ പലയിടത്തും ആഹ്ലാദപ്രകടനങ്ങളും ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണലാണ് ഇന്നു നടക്കുന്നത്. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു.
മഞ്ചേശ്വരത്ത് ഗവ. എച്ച്എസ് പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻഎസ്എസ് കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വിഎച്ച്എസ്എസ്, വട്ടിയൂർക്കാവിൽ പട്ടം സെയ്ന്റ് മേരീസ് എച്ച്എസ്എസ് എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ.