മഞ്ചേശ്വരം: അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. രണ്ടാം റൗണ്ട് വോട്ടെണ്ണൽ തുടരുകയാണ്. കുത്തകയാക്കി വെച്ചിരിക്കുന്ന മണ്ഡലങ്ങളിൽ പോലും യുഡിഎഫിന്റെ തകർച്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളിൽ തന്നെ ദൃശ്യമാകുന്നത്. എൽഡിഎഫും യുഡിഎഫും എൻഡിഎയും പ്രതീക്ഷ പ്രകടിപ്പിക്കുന്ന വട്ടിയൂർക്കാവിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥി വികെ പ്രശാന്ത് ലീഡ് ഉയർത്തുകയാണ്. യുഡിഎഫ് കോട്ടകളായ പഞ്ചായത്തുകളിൽ പോലും വികെ പ്രശാന്ത് ലീഡ് നേടിയത് യുഡിഎഫിന് കനത്ത തിരിച്ചടിയായി.
അതേസമയം യുഡിഎഫിന്റെ കുത്തകയായ കോന്നി മണ്ഡലത്തിൽ മോഹൻരാജനെ പിന്നിലാക്കി എൽഡിഎഫിന്റെ കെയു ജനീഷ് കുമാർ ലീഡ് ചെയ്യുന്നതും യുഡിഎഫ് പാളയത്തിൽ ആശങ്ക ഉയർത്തിയിരിക്കുകയാണ്. ലീഡ് ചെയ്യുന്നുണ്ടെങ്കിലും പ്രതീക്ഷിച്ചതിന്റെ പകുതി വോട്ട് പോലും പെട്ടിയിലാക്കാൻ സാധിക്കാത്തതിനാൽ നാലിടത്തും യുഡിഎഫിന് നിരാശ മാത്രമാണ് ബാക്കി. എറണാകുളത്ത് യുഡിഎഫിന് ഏറെ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും ടിജെ വിനോദിന് കോട്ടകളിൽ പോലും വേണ്ടത്ര വോട്ട് പെട്ടിയിലാക്കാൻ സാധിച്ചിട്ടില്ല. 700ഓളം വോട്ടുകൾ മാത്രമാണ് ഇവിടെ എൽഡിഎഫിന്റെ മനു റോയിയുമായുള്ള വ്യത്യാസം. അരൂരിൽ എൽഡിഎഫും യുഡിഎഫും കടുത്ത പോരാട്ടത്തിലാണ്.
ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് മാത്രമാണ് യുഡിഎഫിന് വ്യക്തമായ ലീഡ് സ്വന്തമാക്കാനായത്. ഇവിടെ മുസ്ലിം ലീഗ് നേതാവായ യുഡ്എഫ് സ്ഥാനാർത്ഥി എംസി ഖമറുദ്ധീൻ 2,000ത്തിന് മുകളിൽ വോട്ടിനാണ് ലീഡ് ചെയ്യുന്നത്.
Discussion about this post