ആനക്കൊമ്പ് കുരുക്കായി; മോഹൻലാലിന് സമൻസ്

ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ

പെരുമ്പാവൂർ: വീണ്ടും മോഹൻലാലിനെ കുരുക്കി ആനക്കൊമ്പ് കേസ്. അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചെന്ന കേസിൽ മോഹൻലാലിനും മറ്റു മൂന്നു പേർക്കും സമൻസ് അയയ്ക്കാൻ പെരുമ്പാവൂർ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ആനക്കൊമ്പ് രേഖകളില്ലാതെ സൂക്ഷിച്ച സംഭവത്തിൽ ഡിസംബർ ആറിന് ഹാജരാകാനാണ് ഉത്തരവ്.
ഒല്ലൂർ കുട്ടനെല്ലൂർ ഹൗസിങ് കോംപ്ലക്സിൽ ഹിൽ ഗാർഡനിൽ പിഎൻ കൃഷ്ണകുമാർ, തൃപ്പൂണിത്തുറ നോർത്ത് എൻഎസ് ഗേറ്റിൽ നയനം വീട്ടിൽ കെ കൃഷ്ണകുമാർ, ചെന്നൈ ടെയ്‌ലേഴ്സ് റോഡിൽ പെനിൻസുല അപ്പാർട്ട്മെന്റിൽ നളിനി രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ കൂട്ടുപ്രതികൾ.

അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചതിന് 2012- ലാണ് വനം വകുപ്പ് മോഹൻലാലിനെ പ്രതിയാക്കി കേസെടുത്തത്. അന്വേഷണത്തിനൊടുവിൽ വന്യജീവി സംരക്ഷണ നിയമത്തിന്റെ പരിധിയിൽ ഈ കേസ് വരുന്നില്ലെന്നു കണ്ട് കേസ് പിൻവലിച്ചു. പ്രതികളിലൊരാളായ കൃഷ്ണകുമാറിന്റെ ‘കൃഷ്ണൻകുട്ടി’ എന്ന ആന ചരിഞ്ഞപ്പോൾ ആ കൊമ്പ് ലാലിന് നൽകിയതാണെന്നും കൊമ്പുകൾ കാട്ടാനയുടേത് അല്ലെന്നുമായിരുന്നു വനംവകുപ്പിന്റെ വാദം.

ആദായ നികുതി വകുപ്പ് മോഹൻലാലിന്റെ വീട്ടിൽ പരിശോധനയ്ക്കിടെ കസ്റ്റഡിയിലെടുത്ത കൊമ്പുകൾ കഴിഞ്ഞ മന്ത്രിസഭയുടെ കാലത്ത് വനംവകുപ്പു മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ മുൻൈകയെടുത്ത് തിരിച്ചു നൽകുകയും ചെയ്തിരുന്നു. തുടർന്ന് കൊമ്പ് സൂക്ഷിക്കാൻ ലാലിന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അനുമതിയും നൽകി. ഇതിനെ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ പിപി പൗലോസ് നൽകിയ കേസിലാണ് ഇപ്പോൾ കോടതി സമൻസ്.

Exit mobile version